പാലക്കാട് : മലമ്പുഴ - കഞ്ചിക്കോട് പാതയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ചാണ് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചത്. ഉമ്മിണിക്കുളത്തിന് സമീപത്ത് തേങ്കുറിശ്ശി സ്വദേശിക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. വന്യമൃഗ ശല്യം രൂക്ഷമായതോടെ മലമ്പുഴ - കഞ്ചിക്കോട് പാതയിൽ രാത്രി യാത്ര നിയന്ത്രിച്ചേക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഇന്നലെ വൈകിട്ട് ഉമ്മിണിക്കുളത്ത് വെച്ച് പിടിയാനയുടെയും കുട്ടിയാനയുടെയും മുന്നിൽപ്പെട്ട തേങ്കുറിശ്ശി സ്വദേശി അനീഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്വാറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അനീഷ് കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. അനീഷ് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ച് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചു.
കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മലമ്പുഴ - കഞ്ചിക്കോട് പാതയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് വനം വകുപ്പിൻ്റെ തീരുമാനം. വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ നിരീക്ഷണത്തിനായി കൂടുതൽ വാച്ചർമാരെയും വനം വകുപ്പ് ഉടൻ നിയമിക്കും.
കൊട്ടേഷൻ സംഘമെന്ന് തെറ്റിദ്ധരിച്ചു; ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് 150 പേർക്കെതിരെ കേസെടുത്തു