പാലക്കാട്: സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ട് കുട്ടികളെയും, 14 വയസ്സുകാരിയേയുമാണ് കാണാതായത്. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പെൺകുട്ടികൾ മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു. കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. പാലക്കാട് എസ് പിയുടെ നിർദ്ദേശപ്രകാരം 15 അംഗ പ്രത്യേകസംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കുട്ടികളെ കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. നിർഭയ കേന്ദ്രങ്ങളിൽ ഭയമില്ലാതെ കുട്ടികൾക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണം. സഖി കേന്ദ്രത്തിലെ ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങിയിട്ടുണ്ട്. ആശങ്കകൾ ആരോഗ്യ മന്ത്രിയെ അറിയിച്ചതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.