ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നിർത്തിവെച്ച സംഭവം; ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു

ഹർജി ബുധനാഴ്ച കോടതി പരിഗണിക്കുമെന്നും കെഎസ്‌യു നേതൃത്വം അറിയിച്ചു

dot image

ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നിർത്തിവെച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു. ജനറൽ സീറ്റിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ഹർജി ബുധനാഴ്ച കോടതി പരിഗണിക്കുമെന്നും കെഎസ്‌യു നേതൃത്വം പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടി അധികൃതർ വൈകിക്കുന്നതിൽ പ്രതിഷേധിച്ച് കോളേജിനു മുന്നിൽ കെഎസ്‌യു വിന്റെ നേതൃത്വത്തിൽ ഉപവാസവും നടത്തി.

കഴിഞ്ഞാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ആറു സീറ്റുകളിൽ തുല്യവോട്ട് കെഎസ്‌യു വിന് ലഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെഎസ്‌യു പരാതിയും നൽകിയിരുന്നു. നോമിനേഷന്‍ ഉള്‍പ്പെടെ നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വൈകിപ്പിച്ചതായി കെഎസ്‌യു ആരോപിച്ചു.

ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കെഎസ്‌യു പറഞ്ഞിരുന്നു. എസ്എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാൽ കെഎസ്‌യു പ്രതിനിധികൾ മാത്രമാണ് നിശ്ചിതസമയത്തിനുള്ളിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്.

പ്രിന്‍സിപ്പാള്‍ കെഎസ്‌യു നേതാക്കള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ മണിക്കൂറുകളോളം പ്രിന്‍സിപ്പാളെ ഉപരോധിച്ചിരുന്നു. ഉപരോധത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പസില്‍ ഉണ്ടായിരുന്നത്.

Content Highlights: KSU filed a petition with the High Court concerning the postponement of elections at Ottapalam NSS College.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us