പാലക്കാട്: സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിഷാര്‍ പറമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വറിന്റെ സാന്നിദ്ധ്യത്തിലാണ് ജിഷാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പി വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി നിയമിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.
നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാനില്ലെന്ന് അറിയിച്ചത്.