പാലക്കാട് : ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ സ്ഥിരം കുറ്റവാളിയായ പ്രതിയുടെ പരാക്രമം. മദ്യപിച്ച് വാഹനം ഓടിച്ച സുഹൃത്തിനെ ജാമ്യത്തിൽ എടുക്കാൻ എത്തിയ ആളാണ് അക്രമം അഴിച്ചു വിട്ടത്. പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഔദ്യോഗിക വാഹനത്തിനും, പൊലീസ് ഉദ്യോഗസ്ഥന്റെ കാറിന് നേരെയുമായിരുന്നു ഇയാളുടെ അതിക്രമം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ഷബീർ അലിയുടെ ജാമ്യം അംഗീകരിക്കാനാകില്ലെന്നു പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു അതിക്രമം. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാലക്കാട് നൂറണി പട്ടാണി തെരുവിലെ ഷബീർ അലി എന്ന ടൈറ്റാൻ പൊലീസ് പിടിയിലായി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന്റെ മുൻവശത്തെ മിറർ പൂർണമായും നശിപ്പിച്ചു.സിപിഒ രാജീവിന്റെ കാറിലെയും മിറർ തകർത്തതിന് പുറമേ, ഒരു ഭാഗം മുഴുവൻ കല്ലുകൊണ്ടു വരച്ച് പെയിന്റും കളഞ്ഞു. സംശയം തോന്നിയ പൊലീസ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. പ്രതിയുടെ പേരിൽ വധശ്രമം, കഞ്ചാവ് കടത്ത് ഉൾപ്പെടെ 32 കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.
Content Highlights : Another criminal tried to get his friend on bail; Police said it was impossible