പെരുവെമ്പ് : കാഴ്ചപരിമിതിയുള്ളയാളിൽ നിന്ന് 105 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പുതുനഗരം കരിപ്പോട് റെയിൽവേ ഗേറ്റിന് സമീപം ലോട്ടറി വിൽക്കുന്ന സതീഷിന്റെ പക്കൽനിന്നാണ് ലോട്ടറിടിക്കറ്റുകൾ തട്ടിയെടുത്തത്. ജനുവരി 19ന് രാവിലെ 11നാണ് സംഭവം.
തമിഴ് സംസാരിക്കുന്ന ഒരാൾ ലോട്ടറി ആവശ്യപ്പെട്ടപ്പോൾ നൽകിയെന്നും എന്നാൽ ലോട്ടറി കൈക്കലാക്കിയ ശേഷം ബൈക്കിൾ അയാൾ കടന്നുകളഞ്ഞെന്നുമാണ് സതീഷ് പറയുന്നത്. 40 രൂപ വില വരുന്ന 120 ടിക്കറ്റുകളാണ് അന്ന് വിൽപനയ്ക്ക് കൊണ്ടുവന്നിരുന്നത്. ഇതിൽ 15 എണ്ണം വിറ്റിരുന്നു. ബാക്കി 105 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതോടെ 4200 രൂപയാണ് സതീഷിന് നഷ്ടമായത്.
പുതുനഗരം പൊലീസ് സ്ഥലത്തെത്തി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ല. ചിറ്റൂരിലെ ലോട്ടറിക്കടയില്‍നിന്നും വാങ്ങുന്ന ടിക്കറ്റുകളുടെവില വിറ്റതിനുശേഷമാണ് നല്‍കാറുള്ളത്. ഇതിനാല്‍ ഒരാഴ്ചയായി സതീഷിന്റെ തൊഴിലും മുടങ്ങി.
സതീഷിന്റെ ഭാര്യയും കാഴ്ചപരിമിതിയുള്ളയാളാണ്. 80 വയസ്സുള്ള അമ്മയും ആറാംക്ലാസ് വിദ്യാര്‍ഥിയായ മകനുമൊപ്പം പെരുവെമ്പ് പനങ്കുറ്റിയിലാണ് താമസം. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ലോട്ടറിവില്പന. സതീഷിന്റെ വരുമാനം മുടങ്ങിയതറിഞ്ഞ കോണ്‍ഗ്രസ് പെരുവെമ്പ് മണ്ഡലം കമ്മിറ്റി സതീഷിന് തിങ്കളാഴ്ച നറുക്കെടുക്കുന്ന 120 ലോട്ടറികള്‍ ഏര്‍പ്പാടാക്കി. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ ലോട്ടറി ടിക്കറ്റ് സതീഷിന്റെ വീട്ടിലെത്തി കൈമാറി.
Content Highlight : 105 visually impaired lottery tickets stolen; Even after a week, the accused has surrounded the police