പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കാണാതായത്. സംഭവത്തിൽ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വീട്ടിൽ പെൺകുട്ടിയും അനുജത്തിയും മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. റാന്നി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയം ആദ്യഘട്ടത്തിൽ പൊലീസിനുണ്ടായിരുന്നു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വാഹന പരിശോധന കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവി ഉടൻ നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവി വി അജിത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി നേരിട്ട് വിവരങ്ങൾ അന്വേഷിച്ചു. പെൺകുട്ടിയുടെ വീട്ടിൽ പശുവിനെ വളർത്തുന്നുണ്ട്. പാൽ അയൽ വീട്ടിൽ കൊടുക്കാനായി മുത്തശ്ശി പോയപ്പോഴാണ് പെൺകുട്ടിയെ കാണാതായത്.
മുത്തശ്ശി വീട്ടിൽ തിരിച്ചു വന്നപ്പോൾ അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പെൺകുട്ടിയുടെ അനുജത്തി മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാധ്യമങ്ങൾ പെൺകുട്ടിയെ കാണാതായതായി വാർത്ത നൽകിയിരുന്നു. 11. 25 ഓടെ റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ പെൺകുട്ടിയെ കണ്ടതായി റാന്നി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുകയും പെൺകുട്ടിയെ റാന്നി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. മുത്തശ്ശി വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ പെൺകുട്ടി വീട്ടിൽ നിന്നും പുറത്തേക്ക് പോയതാണെന്ന് റാന്നി ഡി വൈ എസ് പി ആർ ജയരാജ് പറഞ്ഞു