പത്തനംതിട്ട: തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് അവശനിലയിലായ 49കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. 49കാരന്‍ വീണുപോകാതിരിക്കാൻ സഹായി മരത്തിൽ വെച്ചുകെട്ടുകയായിരുന്നു. കോന്നി കുമ്മണ്ണൂർ സ്വദേശിയായ തടത്തരികത്തുചരിവ് കാലായിൽ ജലീലാണ് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് അവശനിലയിലായത്. പത്തനംതിട്ടയിലെ വള്ളിക്കോട് കോട്ടയത്തെ അന്തിച്ചന്ത ജംഗ്ഷനിലെ എൻജെ സ്പൈസെസ് എന്ന സ്ഥാപനത്തിന് സമീപമുള്ള തേക്ക് മരം മുറിക്കുന്നതിനിടയിലായിരുന്നു സംഭവം.
ജലീലും സഹായിയായ മലയാലപ്പുഴ സ്വദേശി പ്രസാദും ചേർന്നാണ് മരം മുറിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് ജലീലിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ഇടത് ഭാഗം തളർന്ന് വീഴാൻ പോവുകയായിരുന്ന ജലീലിനെ പ്രസാദ് മരത്തിൽ തന്നെ പിടിച്ചുകെട്ടി. ഉടനെ വിവരം അഗ്നിശമന സേനയെ അറിയിച്ചു. വിവരം ലഭിച്ച ഉടനെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി അതിസഹാസികമായ രക്ഷാപ്രവർത്തനത്തിലൂടെ ജലീലിനെ താഴെയിറക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ പി ദില്ലു, എസ് ശ്രീകുമാർ, സതീശൻ എന്നിവർ മരത്തിന് മുകളിൽ കയറി അതിസാഹസികമായാണ് ജലീലീനെ താഴെയിറക്കിയത്. ജലീലിനെ റെസ്ക്യൂ നെറ്റിൽ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ താഴെയിറക്കിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഉടനെ തന്നെ ജലീലിനെ അഗ്നിശമന ജീപ്പിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജീവൻ രക്ഷിക്കുകയുമായിരുന്നു.