പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ പ്രതിയെ പൊലീസ് കണ്ടെത്തിയത് 21വർഷങ്ങൾക്ക് ശേഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദ്ദീനെ പൊലീസ് പിടികൂടി. ചെക്ക് കേസ്, വിസ തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഫസലുദ്ദീനാണ് 21 വർഷങ്ങൾക്കിപ്പുറം പിടിയിലായത്. 2003ൽ ജാമ്യം നേടിയ ശേഷം മുങ്ങിയ പ്രതി സ്വകാര്യ സ്കൂളിൽ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു.
മലപ്പുറത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2003ൽ കോയിപ്രം പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടായി പ്രവർത്തിക്കുമ്പോഴായിരുന്നു ഫസലുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം ഫസലുദ്ദീൻ മുങ്ങുകയായിരുന്നു. കോയമ്പത്തൂരിലും മുവ്വാറ്റുപ്പുഴയിലും താമസിച്ചു. ഈ അടുത്തക്കാലത്താണ് മലപ്പുറത്തെ സ്വകാര്യ സ്കൂളിൽ ഡയറക്ടറായി ചുമതലയേറ്റത്. 21 വർഷം മുൻപ് നിരവധി പേർക്കാണ് വിസ തട്ടിപ്പിൽ പണം നഷ്ടമായിട്ടുള്ളത്.
പിടികിട്ടാപുള്ളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പൊലീസ് ഫസലുദ്ദീനായും അന്വേഷണം വ്യാപിപ്പിച്ചത്.. അതിന്റെ ഭാഗമായി പൊലീസ് ഫസലുദ്ദീന്റെ ബന്ധുക്കളുടെ ഫോൺകോളുകൾ നിരീക്ഷിച്ചു. അവസാനം പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ ഒരു സ്വകാര്യ സ്കൂൾ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു ഫസലുദ്ദീൻ. സ്കൂളിൽ നിന്ന് തന്നെ ഫസലുദ്ദീനെ പൊലീസ് പൊക്കി. ഫസലുദ്ദീൻ പിടിയിലായതോടെ ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതൽപേർ എത്തുന്നുണ്ട്.
Content Highlights: Police found the suspect who was thought to be dead after 21 years in pathanamthitta