പന്തളം നഗരസഭയിൽ നടക്കുന്നത് അഴിമതി; ബിജെപിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ വധഭീഷണി; കെ വി പ്രഭ

പന്തളം ന​ഗരസഭയിലെ ബിജെപി ഭരണ സമിതിയുടെ വീഴ്ചകൾക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തിനിടെയാണ് മുദ്രാവാക്യം വിളികൾ ഉയർന്നത്

dot image

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നിയമസഭയിൽ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി മുൻ പാർട്ടി അംഗവും കൗൺസിലറുമായ കെ വി പ്രഭ. ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ട്. പാർട്ടി തന്നെ പ്രശ്നക്കാരനായി മുദ്രകുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുദ്രാവാക്യം വിളികളോടെയാണ് കെ വി പ്രഭയെ സിപിഐഎം പ്രവർത്തകർ സ്വാഗതം ചെയ്തത്. സിപിഐഎം ജില്ലാ സെക്രട്ടറിയുൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കെ വി പ്രഭയും പിന്തുണയറിയിച്ചെത്തിയത്. തെറ്റിനെതിരെ പ്രതികരിക്കുന്ന പാർട്ടിയായത് കൊണ്ടാണ് സിപിഐഎം സമരത്തിൽ താൻ പങ്കെടുത്തതെന്നും കെ വി പ്രഭ വ്യക്തമാക്കി. താൻ ഒരു പാർട്ടിയിലേക്കുമില്ലെന്നും നേരത്തെ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കൊപ്പമാണ് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പന്തളം നഗരസഭയ്ക്ക് സർക്കാർ പണം നൽകിയിട്ടും നഗരസഭ വികസന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ശനിയാഴ്ച രാവിലെ പ്രതിഷേധക്കാർ പന്തളം ന​ഗരസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഫണ്ടുകൾ അനുവദിക്കുന്നുണ്ടെന്നും എന്നാൽ ന​ഗരസഭ ഇത് ചിലവാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും സിപിഐഎം ആരോപിക്കുന്നു.

അതേസമയം അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലറായിരുന്ന കെ വി പ്രഭയെ ബിജെപി പുറത്താക്കിയത്. ഭരണസമിതിയിൽ നിൽക്കെ തന്നെ ഇവർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച നേതാവായിരുന്നു കെ വി പ്രഭ. ചെയർപേഴ്‌സണുമായി നേരിട്ട് പ്രഭ കൊമ്പുകോർത്തതും വലിയ വിവാദമായിരുന്നു. ഒടുവിൽ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണ് ഭരണസമിതിക്കെതിരേ പ്രഭ ആഞ്ഞടിച്ചത്.

Content Highlight: Expelled BJP Councilor says there are death threats against him

dot image
To advertise here,contact us
dot image