തമിഴ്‌നാട്ടില്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിപ്പിച്ചു, ശബരിമലയില്‍ പൊങ്ങി; 15 വര്‍ഷത്തിന് ശേഷം മോഷ്ടാവ് പിടിയിൽ

മോഷണം നടത്തി നാട് വിട്ട് പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയില്‍

dot image

പത്തനംതിട്ട: മോഷണം നടത്തി നാട് വിട്ട് പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയില്‍. മലയാലപ്പുഴ സ്വദേശി സുധീഷ് ഭവനില്‍ ചന്ദ്രനാണ് (52) പിടിയിലായത്. ഇയാള്‍ക്കെതിരെ നാല് മോഷണക്കേസുകള്‍ നിലവിലുണ്ട്. ഒരുഘട്ടത്തില്‍ ഇയാള്‍ മരിച്ചതായും വ്യാജ വിവരം പ്രചരിച്ചിരുന്നു. ശബരിമല കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന്‍ വലയിലായത്.

ചന്ദ്രന്‍ പ്രതിയായ ഒരു കേസിലെ ജാമ്യക്കാരന്‍ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായര്‍ക്ക് അറസ്റ്റ് വാറന്റ് പോയതോടെയാണ് കേസില്‍ വഴിത്തിരിവായത്. ചന്ദ്രന്‍ സ്ഥലം വിറ്റ് തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഹനന്‍ നായര്‍ തൃച്ചിയില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. അവിടെ പറങ്കിമാവ് തോട്ടത്തില്‍ ചന്ദ്രന്‍ തൂങ്ങിമരിച്ചു എന്നുള്ള വിവരവുമായാണ് മോഹനന്‍ നായര്‍ തിരിച്ചെത്തിയത്. പൊലീസിലും കോടതിയിലും മോഹനന്‍ നായര്‍ ഇക്കാര്യം പറഞ്ഞു. ഇതിനിടെ ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനായ ഒരാള്‍ ശബരിമലയില്‍ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മറ്റൊരു വഴിയില്‍ നടന്ന അന്വേഷണത്തില്‍ ആലപ്പുഴ മുതുകുളത്ത് ചന്ദ്രന്റെ മകന്‍ താമസിക്കുന്നുണ്ടെന്നും മകനെ കാണാന്‍ ഇയാള്‍ ഇടയ്ക്ക് അവിടെ എത്താറുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇന്നലെ മകന്റെ വീട്ടില്‍ ചന്ദ്രന്‍ എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ചന്ദ്രന്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആലപ്പുഴ കനകക്കുന്ന് ബോട്ട് ജെട്ടിയില്‍ നിന്ന് ചന്ദ്രനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശബരിമല കേന്ദ്രീകരിച്ച് മോഷണം നടത്തിയതടക്കമുള്ള സംഭവങ്ങള്‍ ചന്ദ്രന്‍ വിവരിച്ചു. ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന പണിക്കെന്ന വ്യാജേനെ ശബരിമലയില്‍ എത്തുമെന്നും ഇതിന്റെ മറവില്‍ മോഷണം നടത്തി മുങ്ങുമെന്നുമാണ് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- police caught theft case accused after 15 years in pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us