പത്തനംതിട്ട: കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽക്കുന്നത്.
മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസുമായി അയ്യപ്പഭക്തർ പുതുശ്ശേരി താവളത്തിൽ എത്തണം. ഇവിടെ നിന്ന് സീൽ വാങ്ങി വലിയാനവട്ടം താവളത്തിൽ എത്തി എക്സിറ്റ് സീൽ വാങ്ങുകയാണ് വേണ്ടത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തർക്ക് ക്യൂ നിൽക്കാതെ ദർശനം നൽക്കുന്നതിന് വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്. ഇന്ന് മുതൽ പ്രത്യേക പാസ് ഭക്തജനങ്ങൾക്ക് ലഭ്യമാകും.
രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ എസ് നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ മുകേഷ്, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് കെ, സാപ്പ് ഇഡിസി ചെയർമാൻ ജോഷി, മറ്റ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlight :The forest department has granted a special pass to Ayyappa devotees who reach Sannidhanam through Kananapatha