കഴുത്തിൽ കയർകുരുങ്ങി പോത്ത് ചത്തു; ഉടമ കുഴഞ്ഞുവീണു മരിച്ചു

നാലുദിവസം മുൻപാണ് രാമകൃഷ്ണൻ പോത്തിനെ വാങ്ങിയത്

dot image

ഇളമണ്ണൂർ: കഴുത്തിൽ കയർകുരുങ്ങി വീട്ടിൽ വളർത്തിയ പോത്ത് ചത്തത് കണ്ട ഉടമ കുഴഞ്ഞുവീണു മരിച്ചു. കർഷകനായ മങ്ങാട് ഗണപതിവിലാസത്തിൽ രാമകൃഷ്ണൻ നായർ(71) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45-നാണ് വീടിന് സമീപമുള്ള ഏലായിൽ രാമകൃഷ്ണൻ കുഴഞ്ഞുവീണത്.

ഉടൻതന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ വളർത്തിയിരുന്ന നാല് പോത്തുകളിൽ ഒന്നാണ് ചത്തത്. നാലുദിവസം മുൻപാണ് രാമകൃഷ്ണൻ പോത്തിനെ വാങ്ങിയത്. രാമകൃഷ്ണൻനായരുടെ മകൻ ബിജു ഉച്ചയ്ക്ക് പോത്തുകൾക്ക് വെള്ളം നൽകുന്നതിന് വീടിന് സമീപത്തുള്ള ഏലായിലേക്ക് പോയി. അപ്പോഴാണ് കഴുത്തിൽ കെട്ടിയ കയർ കുരുങ്ങി പോത്ത് ഏലായിൽ നാലടി താഴ്ചയിലേക്ക് മറിഞ്ഞുവീണ് കിടക്കുന്നത് കണ്ടത്.

ഉടൻതന്നെ കരയ്ക്കുകയറ്റുന്നതിനായി അടൂരിൽനിന്നുള്ള അഗ്നിരക്ഷാ സംഘത്തെ വിളിച്ചു. സംഭവം അറിഞ്ഞെത്തിയ രാമകൃഷ്ണൻനായർ പോത്ത് ചത്തുവെന്ന് കേട്ടപ്പോൾത്തന്നെ കുഴഞ്ഞുവീണു. വർഷങ്ങളായി മങ്ങാട് ഗണപതിക്ഷേത്രത്തിന് സമീപത്തായി വീടിനോടുചേർന്ന് കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു രാമകൃഷ്ണൻനായർ. ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: ശിവശങ്കരൻ നായർ, അമൃത, മോഹനകുമാർ.

Content Highlights: After heared the death of buffalo the owner died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us