ശബരിമല : മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നു. മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശേഷമുള്ള ദിനങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയാത്ത പഞ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നത്.
മകരവിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പൊലീസ് അഞ്ചാം ബാച്ചിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാതെ വന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പടികയറ്റം വേഗത്തിലാക്കാൻ എഡിജിപിഎസ് ശ്രിജിത് നേരിട്ടെത്തി നടപടി സ്വീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.
മേലെ തിരുമുറ്റത്ത് വലിയ തിരക്ക് ഇല്ലാത്തപ്പോഴും വലിയ നടപ്പന്തൽ തീർഥാടകരാൽ തിങ്ങിനിറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് കൊണ്ട് ശരംകുത്തി മുതൽ യു ടേൺ വരെയുള്ള ഭാഗത്ത് മണിക്കൂറൂകൾ ക്യൂ നിൽക്കേണ്ട അവസ്ഥ തുടരുകയാണ്. ഈ ഭാഗങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും എത്തിക്കുന്നതിൽ ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചതിനാൽ ക്യൂവിൽ നിന്ന് വലഞ്ഞ തീർഥാടകരും പൊലീസും തമ്മിൽ ഇന്നലെയും തർക്കമുണ്ടായി.
Content Highlight: Makaravilak Mahotsavam: There is a demand to appoint an experienced police team at Sannidhanam.