പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വിപ്പ് ലംഘിച്ച് മത്സരിച്ച വിമതനായ ആർ കൃഷ്ണകുമാർ ആണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നാല് അംഗങ്ങളും മൂന്ന് കോൺഗ്രസ് അംഗങ്ങളും ഒന്നിച്ചുനിന്നതോടെയാണ് കൃഷ്ണകുമാറിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഏഴ് വോട്ടുകളാണ് കൃഷ്ണകുമാറിന് ലഭിച്ചത്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സിപിഐഎം ജില്ലാ നേതൃത്വം നിർദ്ദേശിച്ച സ്ഥാനാർഥിയായ അജിത തോറ്റു. അജിതയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റായ ബിനോയ് ആയിരുന്നു. സിപിഐഎം സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ബിനോയ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചത്.
ബിനോയിക്കെതിരെ അവിശ്വാസപ്രമേയം പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 13 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ ഏഴ് കൗൺസിലർമാരുടെ പിന്തുണയാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാറിനുള്ളത്.
Content Highlights: CPIM rebel selected as Gram Panchayat Chairman