പത്തനംതിട്ട: പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ വിവാഹം കഴിഞ്ഞതായി തെറ്റിദ്ധരിപ്പിച്ചതിന് ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശിയായ അമൽ പ്രകാശ് ആണ് അറസ്റ്റിലായത്. ഇതിനെല്ലാം ഒത്താശ ചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയെ കാണാതായതിന് പൊലീസ് പിതാവിന്റെ പരാതിയിന്മേൽ കേസെടുത്തിരുന്നു. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് ഇയാൾ പെൺകുട്ടിയെ വിളിച്ചിറക്കിയത്. തുടർന്ന് പ്രതിയും പെൺകുട്ടിയും അമ്മയും മറ്റൊരു സ്ഥലത്തെത്തി പെൺകുട്ടിയെ താലിചാർത്തുകയും വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു. തുടർന്ന് മൂന്നാറിൽ മുറിയെടുത്ത ശേഷം, അമ്മ അടുത്തില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പങ്കും പൊലീസ് സ്ഥിരീകരിച്ചു. യുവാവിനൊപ്പം സദാസമയവും പെൺകുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. ഇവരുടെ കൂടി ഒത്താശയോടെയാണ് പെൺകുട്ടിക്കെതിരെ അതിക്രമം നടന്നത് എന്ന് വ്യക്തമായി. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷമാണ് അന്വേഷണസംഘം പ്രതിയെയും പെൺകുട്ടിയെയും അമ്മയെയും ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് അമലിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രേഖപ്പെടുത്തി അറസ്റ്റ് ചെയ്തു. മാതാവിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തു.
Content Highlights: Youth arrested for sexual assault against minor girl