
പത്തനംതിട്ട : പത്തനംതിട്ടയിൽ മറ്റൊരു കാപ്പ കേസ് പ്രതിയെക്കൂടി ഒരു വർഷത്തേയ്ക്ക് നാടുകടത്തി. പ്രമാടം സ്വദേശി അരുണിനെയാണ് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തിയത്. ഡിഐജി അജിതാ ബീഗമാണ് ഉത്തരവിറക്കിയത്.
അരുണിനെയും സംഘത്തെയും ഡിസംബർ 27 ന് പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാമിന്റെ നേത്യത്വത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. സിപിഎം ജില്ലാസമ്മേളനം തുടങ്ങുന്നതിന്റെ തലേന്നാണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്. ഗുണ്ടാപ്പട്ടികയിലുള്ള അരുൺ മാലമോഷണം, മണ്ണുകടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
മന്ത്രി വീണാജോർജിന്റെ സാന്നിധ്യത്തിൽ സിപിഐഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനെയും കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ കമ്മറ്റി വൈസ് പ്രസിഡൻ്റാണ് ഇപ്പോൾ ശരൺചന്ദ്രൻ. ഇയാൾക്കെതിരെ നിലവിൽ സംഘടനാ നടപടി ഒന്നും ഉണ്ടായിട്ടില്ല.2023 നവംബറിൽ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ ശരൺ ചന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. ഇയാളെ മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ സിപിഐഎമ്മിലേയ്ക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. എന്നാൽ ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഐഎമ്മിൻ്റെ വാദം.
Content Highlight : Another Kappa case accused who joined CPIM in Pathanamthitta was also deported