
പത്തനംതിട്ട: നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കോന്നി റീജിയണല്‍ സഹകരണ ബാങ്ക് അധികൃതര്‍. കഴിഞ്ഞ ദിവസം കോന്നി സ്വദേശി ആനന്ദന്‍ ബാങ്കില്‍ വന്നിരുന്നതായി ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് അഞ്ജലി പ്രതികരിച്ചു. പലിശ വാങ്ങി ആനന്ദന്‍ മടങ്ങിപ്പോയതായും അവർ വ്യക്തമാക്കി.
ബാങ്കില്‍ സംസാര വിഷയമൊന്നും നടന്നിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. ആനന്ദന്‍ ഒറ്റയ്ക്കാണ് ബാങ്കിലെത്തിയത്. പത്ത് ലക്ഷം രൂപയോളം ആനന്ദന് നിക്ഷേപമുണ്ട്. എല്ലാ നിക്ഷേപകര്‍ക്കും കുറച്ച് തുകയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ബാങ്കിന് വായ്പാ തിരിച്ചടവ് ഇനത്തില്‍ പണം കുറേ ലഭിക്കാനുണ്ടെന്നും അഞ്ജലി പറഞ്ഞു.
ഇന്നലെയായിരുന്നു സംഭവം നടന്നത്. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആനന്ദന്റെ മകൾ ബിന്ദു പറഞ്ഞിരുന്നു. 11 ലക്ഷം രൂപ കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിന്ന് ലഭിക്കാനുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ആനന്ദന്‍. നേരത്തെ കോന്നി റീജിയണല്‍ സഹകരണ ബാങ്കിന് മുന്നില്‍ ആനന്ദന്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Content Highlights: Konni Regional Cooperative Bank officials provide explanation for investor s death attempt