ടൂറിസ്റ്റ് വില്ലേജിൽ സ്ഥാപിച്ച ചില്ലുപാലത്തിൽ പൊട്ടൽ; ബോധപൂർവ്വം പൊട്ടലുണ്ടാക്കിയതെന്ന് പരാതി

സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും

dot image

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്ഥാപിച്ച ചില്ലുപാലത്തിൽ പൊട്ടൽ കണ്ടെത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി. നിർമാതാക്കളായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റിയാണ് ശ്രീകാര്യം പൊലീസില് പരാതി നൽകിയത്. ബോധപൂർവ്വം പൊട്ടലുണ്ടാക്കിയതെന്നാണ് പരാതി. അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് ഡിടിപിസി.

75 അടി ഉയരത്തിലും, 52 മീറ്റർ നീളത്തിലും ഒരുക്കിയ പാലം. കൃത്രിമ മഞ്ഞും ചാറ്റൽ മഴയും വിര്ച്വല് റിയാലിറ്റിയുടെ സഹായത്തോടെ വിള്ളല് വീഴുന്ന അനുഭവമൊക്കെ സൃഷ്ടിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലൊരുക്കിയ ഈ പാലത്തിലാണ് ഉദ്ഘാടനത്തിന് മുന്നേ ശരിക്കും വിള്ളൽ വീണത്. പാലം തുറന്നു നല്കാന് രണ്ടു തവണ തീരുമാനമെടുത്തു. അതിനിടയില് വര്ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടമുണ്ടായതോടെ തീരുമാനം മാറ്റി. സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം തുറന്നു കൊടുത്താല് മതിയെന്നായിരുന്നു തീരുമാനം. പിന്നാലെയാണ് പരിശോധനയിൽ വിള്ളൽ കണ്ടത്.

പരാതി നൽകിയിട്ടും കേസെടുത്തില്ല; മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡ്രൈവർ യദു

കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളൽ. പിന്നിൽ ബോധപൂർവമായ ശ്രമമുണ്ടെന്ന് ചൂണ്ടികാണിച്ച് നിര്മ്മാണ ചുമതലയുള്ള കമ്പനിയാണ് പൊലീസിൽ പരാതി നൽകിയത്. ബോധപൂർവ്വം പൊട്ടലുണ്ടാക്കിയതെന്നാണ് പരാതി. എന്നാൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിനകത്തെ ഈ ഗ്ളാസ് ബ്രിഡ്ജിലേക്ക് മറ്റാർക്കെങ്കിലും കടന്ന് ചെന്ന് പൊട്ടൽ ഉണ്ടാക്കാൻ മാത്രം സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡിടിപിസിയുടെ വിലയിരുത്തൽ.

സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. പാലത്തിൻ്റെ ഭാഗത്ത് സിസിടിവി നിലവിൽ ഇല്ല. ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ പാലത്തിൻറെ നിർമ്മാണത്തിൽ തകരാറുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image