തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം. നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കും നവംബര്‍ അഞ്ച് മുതല്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
തിരുവനന്തപുരം-തെന്മല (എസ് എച്ച് 2) റോഡില്‍ 1.2 കിലോമീറ്ററോളം ദൂരത്തില്‍ കരകുളം പാലം ജംങ്ഷനില്‍ നിന്ന് കെല്‍ട്രോണ്‍ ജംങ്ഷന്‍ വരെയാണ് ഫ്‌ളൈ ഓവര്‍ നിര്‍മാണം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നവംബര്‍ രണ്ടിനും നാലിനും ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ട്രയല്‍ റണ്‍ നടത്തും.
ഫ്ളൈ ഓവര്‍ നിര്‍മാണത്തെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്
നെടുമങ്ങാട് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്
റൂട്ട് 1 - നെടുമങ്ങാട് ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കെല്‍ട്രോണ്‍ ജംങ്ഷനില്‍ നിന്നും കെല്‍ട്രോണ്‍- അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ- കാച്ചാണി ജംങ്ഷനുകള്‍ വഴി മുക്കോലയില്‍ എത്തി, വലത്തേക്ക് തിരിഞ്ഞു മുക്കോല- വഴയില റോഡിലൂടെ വഴയിലയെത്തിയ ശേഷം, ഇടത്തേക്കു തിരിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.
വഴയില നിന്ന് മുക്കോല ജംങ്ഷന്‍ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല
(എ) നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് വട്ടപ്പാറയില്‍ എത്തി, എം.സി റോഡ് വഴിയും പോകാവുന്നതാണ്.
തിരുവനന്തപുരം ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്
റൂട്ട് 1 - തിരുവനന്തപുരം ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പേരൂര്‍ക്കട ജംങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന്- മുക്കോല-ശീമമുളമുക്ക്-വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്.
റൂട്ട് 2 - തിരുവനന്തപുരം ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കു വഴയില ജംങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം-ശീമമുളമുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്കും പോകാവുന്നതാണ്. കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ (ജന്റം) ബസുകള്‍ ഇതു വഴി സര്‍വീസ് നടത്തും.
റൂട്ട് 3 - തിരുവനന്തപുരം ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഏണിക്കര ജംങ്ഷന്‍ കഴിഞ്ഞ് ഡി.പി.എം.എസ് ജംങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി -കായ്പ്പാടി-മുളമുക്ക് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്. ഈ റൂട്ടില്‍ ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ ഈ റൂട്ടിലൂടെയും സര്‍വീസ് നടത്തും.
റൂട്ട് 4 - തിരുവനന്തപുരം ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഴയില നിന്ന് കരകുളം പാലം ജംങ്ഷന്‍ ചെന്ന് വലതു തിരിഞ്ഞ്, കാച്ചാണി ജംങ്ഷനില്‍ എത്തിയ ശേഷം ഇടത്തേക്ക് തിരിഞ്ഞു കെല്‍ട്രോണ്‍- അരുവിക്കര റോഡില്‍ പ്രവേശിച്ചു, കെല്‍ട്രോണ്‍ ജംങ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞു നെടുമങ്ങാട് ഭാഗത്തേക്ക് പോകണം. നിലവില്‍ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ റൂട്ടിലൂടെയും സര്‍വീസ് നടത്തുന്നതാണ്.
കാച്ചാണി ജംങ്ഷന്‍ മുതല്‍ കരകുളം പാലം ജംങ്ഷന്‍ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല
കാച്ചാണി ജംങ്ഷന്‍ -കരകുളം പാലം - വഴയില- പേരൂര്‍ക്കട റൂട്ടിലും തിരിച്ചും കെ.എസ്.ആര്‍.ടി.സി സര്‍ക്കിള്‍ സര്‍വീസ് നടത്തുന്നതാണ്.
ഹെവി ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം
പ്രസ്തുത റൂട്ടുകളില്‍ ഹെവി ഭാരവാഹനങ്ങള്‍ക്ക് രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുമ്പ- കാച്ചാണി റോഡില്‍ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പര്‍ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി-കാപ്പിവിള-മൂന്നാമൂട്-വട്ടിയൂര്‍ക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെറിയകൊണ്ണി-കുതിരകുളം-അരുവിക്കര-അഴിക്കോട് വഴിയും പോകേണ്ടതാണ്.
Content Highlights- traffic restrictions in thiruvananthapuram to nedumangadu route over karakulam flyover construction