തിരുവനന്തപുരം: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പെൺ സുഹൃത്ത് അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലെന്ന ലച്ചു (23) വിനെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കേസിലെ അഞ്ചാമത്തെ പ്രതിയാണ് സ്നേഹ. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
ഏറത്തെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികൾ ഷിജിത്തിന്റെ സുഹൃത്തുക്കളാണ്. വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അര്‍ഫാജ് എന്നിവരാണ് മറ്റു പ്രതികള്‍. ഷിജിത്തിന്റേയും മറ്റുപ്രതികളുടേയും സുഹൃത്താണ് സേനഹ. ഷിജിത്തും ഷിയാസും മാസങ്ങള്‍ക്ക് മുന്‍പ് തെറ്റിപ്പിരിഞ്ഞിരുന്നു. ഷിയാസിൻ്റെ സംഘത്തിൻ്റെ നിര്‍ദേശ പ്രകാരമാണ് സ്നേഹ ഷിജിത്തിനെ മാനവീയം വീഥിയിലേക്ക് വിളിച്ചുവരുത്തിയത്.
ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞ് ഷിജിത്തിനെ നിര്‍ബന്ധിച്ച് സേനഹ കൊണ്ടുപോവുകയായിരുന്നു. അല്‍ത്തറ- വെള്ളയമ്പലം റോഡിലേക്കാണ് ഷിജിത്തിനെ സ്നേഹ കൊണ്ടുപോയത്. അവിടെ കാറില്‍ മറ്റു പ്രതികള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. പിന്നാലെ സംഘം ഷിജിത്തെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രതികള്‍ക്കൊപ്പം സ്നേഹ ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടു. ലഹരി കേസുകളില്‍ ഷിയാസിനെ അടുത്തിടെ പിടികൂടിയപ്പോള്‍ ഒറ്റിക്കൊടുത്തത് ഷിജിത്താണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.
നഗരത്തിലെ മാളില്‍ ജോലി ചെയ്തുവരികയായിരുന്നു സ്നേഹ. മാനവീയം വിഥിയില്വെച്ചാണ് സ്നേഹ ഇവരുമായി സൗഹൃദത്തിലായത്. സ്നേഹ കോടതിയില്‍ ഹാജരാക്കി. ഷിജിത്തിന്റെ ഹൃദയത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.
Contentt Highlight: woman was arrested in the case of stabbing the young man