തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച സംഭവത്തിൽ ഗുണ്ടയായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനം കുളത്തെ സക്കീറിന്‍റെ വീട്ടിലായിരുന്നു ക്രമാൻ അതിക്രമം നടത്തിയത്. വളർത്തു നായയുമായി ഇയാൾ റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിൻ്റെ കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് സക്കീറിനെ കടിപ്പിക്കുകയായിരുന്നു
ആക്രമണം ചെറുക്കാൻ ശ്രമിച്ച സക്കീറിനെ ഇയാൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ സക്കീറിനെ കിട്ടാതെ വന്നപ്പോൾ ഇയാൾ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയേയും നായയെ കൊണ്ട് കടിപ്പിച്ചു. ഇതിനിടയിൽ ഇയാൾ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രതി മൂന്നു ദിവസമായി ഒളിവിലായിരുന്നു.
കാപ്പാ കേസിൽ പ്രതിയായിരുന്ന ഇയാൾ ഒരു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. സംഭവത്തിൽ പരിക്കേറ്റ സക്കീറിൻ്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
content highlight- An incident where a dog was let loose and bitten for laughing at children; Police arrested the goon