പേരൂര്‍ക്കട: തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്ന് കളഞ്ഞത്. തിരുവല്ലം പൊലീസ് പിടികൂടി പേരൂര്‍ക്കട പൊലീസിനു കൈമാറിയ പ്രതിയാണ് അനൂപ്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസിന് ഇയാളെ കൈമാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന പൊലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്.
ഒരു എസ്ഐയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടത് അസ്വാഭാവികമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷംലയുടെ പേരിലുള്ള കാര്‍ തകര്‍ത്തതിനും മകന്‍ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചതിനെയും തുടര്‍ന്നാണ് തിരുവല്ലം പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ അമ്പലംമുക്ക് എന്‍സിസി റോഡ് രാമപുരം പാലാംവിള ഇശക്കിയമ്മന്‍ ക്ഷേത്രത്തിലെ മോഷണക്കേസിലെയും പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. മുപ്പത്തിയഞ്ചോളം കേസുകളിലെ പ്രതിയാണ് അനൂപ് ആന്റണി എന്നാണ് വിവരം.
Content Highlight : Police are looking for the accused who escaped from the hospital with handcuffs