'എന്റെ അമ്മയെ എന്തിനാ കൊന്നത്, ഞങ്ങൾക്ക് ആരുമില്ലാതായില്ലേ?'; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ ഓടിയടുത്ത് മകൾ

ഷാനുവിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ഓടിയടുത്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്

dot image

കണിയാപുരം: തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ രോഷാകുലരായി നാട്ടുകാരും കൊല്ലപ്പെട്ട ഷാനുവിന്റെ കുടുംബവും. തന്റെ അമ്മയെ കൊലപ്പെടുത്തിയത് എന്തിനാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ആരുമില്ലാതായില്ലേ എന്നും ചോദിച്ച് ഷാനുവിന്റെ മൂത്ത മകളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അനന്യയും പ്രതി രംഗദുരൈക്കെതിരെ പാഞ്ഞടുത്തു. ഷാനുവിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ഓടിയടുത്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.

തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതിനിന്നത്. ഷാനുവിനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് ഇയാള്‍ പൊലീസിനോട് വിവരിച്ചു. കിടപ്പുമുറിയില്‍ പിന്നിലൂടെ വന്ന് കഴുത്തില്‍ കിടന്ന ഷാള്‍ മുറുക്കി ഷാനുവിനെ ശ്വാസം മുട്ടിച്ചതായി ഇയാള്‍ പറഞ്ഞു. മരിച്ചെന്ന് ഉറപ്പു വന്നതോടെ കാലില്‍ വലിച്ചിഴച്ച് ഹാളില്‍ എത്തിച്ചു. തൂങ്ങിമരിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ തുണി വിരിക്കാന്‍ ഉപയോഗിച്ചിരുന്ന കനം കുറഞ്ഞ കയര്‍ മുകളിലെ ഹുക്കില്‍ കെട്ടി. മറ്റൊരു ഭാഗം ഷാനുവിന്റെ കഴുത്തിലും കെട്ടിയെന്നും ഇയാള്‍ വിവരിച്ചു. ഇതിന് ശേഷം ഷാനുവിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും കമ്മലും രണ്ട് മൊബൈല്‍ ഫോണുകളും എടുത്തു. അടുക്കള വശത്തുകൂടി വരുന്നതിനിടെ മൊബൈല്‍ ഫോണുകള്‍ കിണറ്റിലിട്ടു. തെളിവെടുപ്പിനിടെ സ്‌കൂബ ഡൈവിങ് വിദഗ്ധരുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. സ്വര്‍ണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കണിയാപുരം കരിച്ചാറ നിയാസ് മന്‍സിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷാനു എന്ന വിജി(33)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ ഷാനുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലം വിട്ട രംഗദുരൈയെ വൈകാതെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.

ഭര്‍ത്താവ് മരിച്ച ശേഷം മക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു ഷാനു. പത്ത് വര്‍ഷം മുന്‍പ് കണിയാപുരത്തിന് സമീപത്തുള്ള ഹോട്ടലില്‍വെച്ചാണ് രംഗദുരൈയുമായി ഷാനു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. ഇടയ്ക്ക് ഇരുവരും പിരിഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പ് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും അടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ കഠിനംകുളം ക്ഷേത്രത്തില്‍വെച്ച് ഷാനുവിനെ രംഗദുരൈ താലിചാര്‍ത്തി. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഷാനു തുടരെ നിര്‍ബന്ധിച്ചതോടെ വകവരുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ മറ്റൊരു വിവാഹം കഴിക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.

Content Highlights- daughter protest against accused who killed her mother in kaniyapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us