തൃശൂർ: ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റുകൾ തൃശൂർ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. വാടാനപ്പള്ളി സെന്ററിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നാണ് സിഗരറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മറ്റു കടകളിലേക്കും ഇവിടെ നിന്ന് സിഗരറ്റ് മൊത്തക്കച്ചവടം ചെയ്തിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിൽപ്പനക്ക് വച്ചിരുന്ന വിദേശ നിർമ്മിത സിഗററ്റുകളിൽ കോട്പ (kodpa) നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബൽ പതിച്ചിരുന്നില്ല. ഇവക്ക് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്ക് അനുമതിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാൾബറോ, ഡിജാറം ബ്ലാക്ക്, ബിസിനസ് റോയൽസ്, ഡേവിഡ്റോഫ്, ഗോൾഡ് വൈറ്റ്, മാഞ്ചെസ്റ്റെർ യുണൈറ്റഡ്, കിങ്ഡം തുടങ്ങിയ ബ്രാൻഡുകളിലുള്ള സിഗററ്റുകളാണ് പിടിച്ചെടുത്തത്.
തുടർ നടപടികൾക്കായി ഇവ വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറി. വാടാനപ്പള്ളി സെന്ററിലെ ഐറ്റംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ വലിയകത്ത് വീട്ടിൽ സൈഫുദീനെതിരെ നടപടിയെടുത്തു.