പട്ടി ബിസ്കറ്റിലും അഴിമതി; ആംഡ് ബറ്റാലിയൻ അസിസ്റ്റണ്ട് കമാൻഡൻഡറെ സസ്പെൻഡ് ചെയ്തു

വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് അഴിമതി കണ്ടെത്തിയത്

ടി വി പ്രസാദ്
1 min read|11 Jul 2023, 03:52 pm
dot image

തൃശൂർ: ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് നായകളെ വാങ്ങുന്നതിലും അവരുടെ ഭക്ഷണത്തിലും അഴിമതി നടന്നതായി കണ്ടെത്തി. സംഭവത്തിൽ തൃശൂർ ആംഡ് ബറ്റാലിയൻ അസിസ്റ്റണ്ട് കമാൻഡൻഡ് എസ് എസ് സുരേഷിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് അഴിമതി കണ്ടെത്തിയത്. പൊലീസ് അക്കാദമിയിലെ സൗകര്യങ്ങൾ മറച്ചുവെച്ച് ടൂറിസ്റ്റ് കേന്ദ്രത്തിൽ പരിശീലനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

എസ് എസ് സുരേഷിന്റെ താത്പര്യ പ്രകാരം അക്കാദമിയിലെ നായ്ക്കളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫീസറെ നിയമിച്ചതായി വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ അന്വേഷണം ആവശ്യമെന്ന് വിജിലൻസ് പറഞ്ഞു. ഉത്തരവിൻറെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

മറ്റു സേനകൾ വാങ്ങുന്നതിനേക്കാൾ വൻ വിലകൊടുത്താണ് പട്ടിക്കുഞ്ഞുങ്ങളെ പഞ്ചാബിൽ നിന്നും രാജാസ്ഥാനിൽ നിന്നും വാങ്ങിയത്. 125 നായ്ക്കളെ പരിശീലിപ്പിക്കുന്നതിനായുള്ള സൗകര്യം ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളിൽ നായകളെ പരിശീലിപ്പിക്കുന്നതായി വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് നായകൾക്ക് ഭക്ഷണം വാങ്ങുന്നതിന് സുരേഷ് നിർദേശം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തന്നെ വിജിലൻസ് സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിലെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.

തൃശൂരിലെ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കുന്നത് തിരുവനന്തപുരത്തെ ഓഫിസിൽ നിന്നാണ്. അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷൻ 17 എ പ്രകാരം അനുമതി നൽകാനാണ് വിജിലൻസ് ആവശ്യപ്പെട്ടത്. ഇതിനു അനുമതി നൽകിയതിനൊപ്പം സുരേഷിന്റെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us