തൃശ്ശൂർ: പാലപ്പിള്ളിയിൽ കാനയിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി അമ്മയാന. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. പാലപ്പിള്ളി റബ്ബർ തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തിലെ രണ്ട് ദിവസം പ്രായമായ കുട്ടിയാനയാണ് കാനയിൽ വീണത്.
പാലപ്പിള്ളി ചക്കിപ്പറമ്പ് കോളനി റോഡിലെ തോട്ടം തൊഴിലാളികളുടെ പാടികൾക്ക് തൊട്ടടുത്തുള്ള ചെറിയ കാനയിൽ ആനക്കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആനക്കൂട്ടത്തിന്റെ ചിഹ്നം വിളി കേട്ട് തോട്ടം തൊഴിലാളികളാണ് ആദ്യം സംഭവം കണ്ടത്. കാനയുടെ മുകളിൽ പിടിയാന നിൽക്കുന്നത് കണ്ട് പ്രസവിക്കാൻ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ വിചാരിച്ചത്. എന്നാൽ വനം വകുപ്പ് എത്തിയതിനുശേഷമാണ് കാനയിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്താൻ അമ്മയാന ശ്രമിക്കുകയാണെന്ന് മനസിലായത്.
റബ്ബർ തോട്ടത്തിലെ തടിയുടെ കഷണങ്ങൾ കൊണ്ടുവന്ന പിടിയാന കാനയ്ക്ക് കുറുകെയിട്ടു. ആ തടിയിലൂടെ കയറിയാണ് കുട്ടിയാന കാനയ്ക്ക് പുറത്ത് വന്നത്. വനം വകുപ്പിന്റെ സഹായമില്ലാതെ അഞ്ചുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്.