തൃശ്ശൂര്: പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണു മായ സ്വാമി ക്ഷേത്രത്തില് ആഗസ്ത് 15 സ്വാതന്ത്ര്യ ദിന ത്തോടനുബന്ധിച്ച് സമസ്തലോക സമാധാനത്തിനും വിശ്വ ശാന്തിക്കുമായി അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും പ്രത്യക്ഷഗജപൂജയും ആനയൂട്ടും നടന്നു. വറുതിയറ്റ നല്ല നാളേയ്ക്കുള്ള പ്രാര്ത്ഥനയുമായി ദേവന് ഇല്ലം നിറയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ഉണ്ണി ദാമോദര സ്വാമികളുടെ മുഖ്യ കാര്മ്മികത്വത്തില് നടന്നു. ഇല്ലംനിറ കഴിഞ്ഞ് പൂജിച്ച കതിരുകള് ഭക്തജനങ്ങള്ക്ക് പ്രസാദമായി നല്കി. പ്രത്യക്ഷ ഗജപൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ ഗ ജ ശ്രേഷ്ഠന് ഗുരുവായൂരപ്പദാസനായ ദേവസ്വം ഇന്ദ്രസനാണ്.
ക്ഷേത്ര ഗോപുര നടയില് നിന്നുതന്നെ ആനയിച്ചു വന്ന ഗജശ്രേഷ്ഠനെ സുവര്ണ്ണ കൊടിമരച്ചുവട്ടില് ചാണകം മെഴുകി അരിക്കോലമിട്ട് അതില് കരിമ്പടവും വെള്ളപ്പട്ടും വിരിച്ച് അതില് നിര്ത്തിയാണ് പൂജിച്ചത്. ശംഖാഭിഷേകം നടത്തി, കളഭ ചന്ദന കുങ്കുമാദികളാല് മസ്തകം അലങ്കരിച്ച്, തുളസിയും ചെത്തിയും ഇടകലര്ന്ന പൂമാല ചാര്ത്തി, കോടി വസ്ത്രമണിയിച്ച് അഞ്ചു കൂട്ടം ഫലവര്ഗ്ഗങ്ങളും ഗണപതി നാരങ്ങ കരിമ്പ് മുതലായ വകളും ഹവിസ്സും നിവേദ്യമായര്പ്പിച്ച് ആരതി ഉഴിഞ്ഞ് പഞ്ചോപചാരമായി പൂജ ചെയ്ത് നമസ്കരിക്കുകയാണ് ചെയ്തത്. ഇന്ദ്രസനെ കൂടാതെ പൂതൃക്കോവില് സാവിത്രി കൊളക്കാടന് ഗണപതി അരുണിമ പാര്ത്ഥസാരഥി പാക്കത്ത് ശ്രീക്കുട്ടന് എന്നീ മാതംഗ ശ്രേഷ്ഠരും ദേവസ്ഥാനത്തെ ഗരുഢ സന്നിധിയില് നടന്ന ആനയൂട്ടില് പങ്കാളികളായി. ക്ഷേത്രം ട്രസ്റ്റികളായ വേണുഗോപാല്, ദേവദാസ്, സ്വാമിനാഥന് അഡ്വ. കെ.വി. പ്രവീണ് ,അഡ്വ.ശ്രീരാഗ് എന്നിവര് പങ്കെടുത്തു.