തൃശൂര്‍: വാടാനപ്പള്ളിയില്‍ സിപിഐ വനിതാ നേതാവ് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷക്കീല ഉസ്മാന് ഉള്‍പ്പെടെയുള്ളവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐ മണലൂര്‍ മണ്ഡലം കമ്മിറ്റി അംഗമായ ഷക്കീല ഉസ്മാന് അസുഖ ബാധിതയായി അവധിയിലായിരുന്നു.
അവധി കഴിഞ്ഞെത്തിയപ്പോള്‍ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണം. ജില്ലാ പഞ്ചായത്ത് അംഗവും വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ രണ്ടുതവണ വൈസ് പ്രസിഡന്റുമായിരുന്നു. ഷക്കീലയുടെ ഭര്‍ത്താവ് ഉസ്മാന്, തൃത്തല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന കുറുപ്പന് സതീഷും കുടുംബവും അടക്കം സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഷക്കീല ഉസ്മാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഐ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഷക്കീലയെയും ഭര്‍ത്താവിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് സിപിഐ പത്രക്കുറിപ്പില്‍ പറയുന്നത്.
Content Highlights: