തൃശ്ശൂർ: തൃശ്ശൂരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ കയറി വധഭീഷണി. ബസിന് ഫിറ്റ്നസ് നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട എഎംവിഐ കെ ടി ശ്രീകാന്തിൻ്റെ വീട്ടിൽ ഒരു സംഘം എത്തിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തിൽ ബസ് ഉടമയുടെ സംഘത്തിനെതിരെ കേസെടുത്തു. ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഘം ശ്രീകാന്തിൻ്റെ വീട്ടിലെത്തിയത്.
ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിൽ വന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശ്രീകാന്ത് പൊലീസിന് കൈമാറി. സംഘം എത്തിയപ്പോൾ ഉദ്യോഗസ്ഥനൊപ്പം ഗർഭിണിയായ ഭാര്യയാണ് വീട്ടിലുണ്ടായിരുന്നത്. സംഘത്തിൻ്റെ ഭീഷണിയിൽ കുടുംബം ഭയപ്പെട്ടു.
ബസ് പരിശോധിച്ച് ഫിറ്റ് അല്ലാത്തതിനാലാണ് സർട്ടിഫിക്കേറ്റ് നൽകാതിരുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ബസ് മോശം കണ്ടീഷനിലാണ്. അതിനാലാണ് ഫിറ്റ്നസ് നൽകാതിരുന്നത്. ഒരുപാട് തവണ ഫോണിൽ കോളുകൾ വന്നിരുന്നു. മാറ്റൊരു നവീൻ ബാബു ആകാതിരിക്കാനാണ് പരാതി നൽകിയതെന്നും ശേഷം അവധിയെടുത്ത് വീട്ടിൽ ഇരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു പണിയും എടുക്കാതെ ഫിറ്റ്നസ് നേടാനായിരുന്നു സംഘത്തിന്റെ ശ്രമം. മോട്ടോർ വാഹന ഉദ്യോഗസ്ഥനെ പലരീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെയാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.
Content Highlights: MVD Officer gets death treat From bus owners in thrissur