തൃശ്ശൂർ: ശക്തൻ സ്റ്റാന്റിൽ എത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. ശക്തൻ സ്റ്റാന്റിലെ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ശക്തൻ സ്റ്റാൻ്റിൽ പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണമെന്നും സ്വകാര്യ ബസുകൾക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയതത്. ശക്തൻ സ്റ്റാന്റിൽ 28-ാം തീയതി ചേർന്ന കൂട്ടധർണയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ബസ് പണിമുടക്കുന്നത്.
പണിമുടക്കിനെ തുടർന്നുള്ള നിവേദനം സമരസമിതി കലക്ടർക്കു നൽകി. സ്റ്റാൻഡിനകത്തെ റോഡുകൾ ഒന്നര വർഷമായി തകർന്നു കിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂർക്കഞ്ചേരി-കൊടുങ്ങല്ലൂർ, പുഴയ്ക്കൽ-കുന്നംകുളം റൂട്ടുകളിൽ റോഡ് പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വഴി തിരിച്ചുവിടൽ മൂലം സമയത്തിന് സർവീസ് നടത്താനോ തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.
തൃശ്ശൂരിലെ പ്രധാന ബസ്റ്റാൻ്റാണ് ശക്തൻ. കോഴിക്കോട്, കണ്ണൂർ, എറണാകുളം , പാലക്കാട് തുടങ്ങിയ ജില്ലകളിലേക്ക് ബസ് സർവീസ് നടത്തുന്നത് ശക്തൻ സ്റ്റ്ന്റിൽ നിന്നാണ്. ശക്തൻ സ്റ്റാൻിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാൽ ഇവിടെയത്തുന്ന യാത്രക്കാരും ജീവനക്കാരും ദുരിതത്തിലാണ്.
യാത്രക്കാർക്ക് ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുള്ള വഴികളിലൂടെ നടന്നുവേണം സ്റ്റാന്റിലെത്താൻ. ചെളികുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിദിനം എഴുന്നൂറോളം സർവീസുകൾ നടക്കുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി.
സ്റ്റാൻ്റ് തകർന്നത് ഏറെ ബാധിച്ചിരിക്കുന്നത് ബസ് ജീവനക്കാരെയാണ്. വലിയ കുഴികളിലൂടെ കടന്നുപോകുന്ന ബസുകൾ പ്രതിദിനം ഗ്യാരേജിൽ കയറ്റേണ്ടി വരുന്നു. ലഭിക്കുന്ന കളക്ഷൻ ബസിൻ്റെ അറ്റകുറ്റപ്പണികൾക്കായി ചിലവാക്കേണ്ടി വരുന്നു. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന റോഡുകൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ശക്തൻ സ്റ്റാൻ്റിൻ്റെ അകത്തേക്കും പുറത്തേക്കും പോകുന്ന റോഡും തകർന്ന നിലയിലാണ്. നിരവധി തവണ കോർപറേഷനിലും കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
Content Highlights: Private buses arriving at Thrissur Sakthan stand are on strike today