തൃശൂർ: കുറുവ സംഘാംഗം എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി യുവാവ്. മരംമുറിത്തൊഴിലാളിയായ ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂർ കൊല്ലയിൽ വിനോദ് (44) ആണ് നിയമനടപടിക്ക് തയ്യാറെടുക്കുന്നത്.
സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ, ജോലിയുടെ ഭാഗമായി ഒക്ടോബർ 18-ന് ആറാട്ടുപുഴ തേവർ റോഡിൽ എത്തിയതാണ് വിനോദ്. ജനാർദനൻ എന്നയാളുടെ വീടിൻറെ പരിസരത്ത് മുറിച്ചിട്ട മരക്കൊമ്പുകൾ വിനോദ് വാങ്ങിയിരുന്നു. ഒരു ടെമ്പോയ്ക്കുള്ള മരം ഇല്ലാത്തതിനാൽ സമീപത്തെ മറ്റൊരു വീട്ടിലെ മരക്കൊമ്പുകൾകൂടി മുറിച്ച് വാങ്ങാനുള്ള ശ്രമം വിനോദ് നടത്തി. ഇതിൻറെ ഭാഗമായി സമീപത്തെ കടയിൽ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.
നാട്ടുകാരൻ വഴി അറിഞ്ഞ പ്രദേശത്തെ മോഷണ ശല്യത്തെക്കുറിച്ചും വിനോദ് കടയിൽ തിരക്കി. ഇതാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത്. വിനോദിൻറെ ചിത്രം മൊബൈലിൽ പകർത്തിയ ആരോ വാട്‌സാപ്പ് മുഖേന സന്ദേശം പ്രചരിപ്പിച്ചു. ഇതോടെ വിനോദ് കുടുങ്ങി. മൂന്ന് പേരുടെ ശബ്‍ദ സന്ദേശവും വിനോദിൻറെ ചിത്രം കൂടാതെ മറ്റൊരു വ്യക്തിയുടെ ചിത്രവും ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഒരു ശബ്ദ സന്ദേശത്തിൽ ഇവർ കുറുവാസംഘം ആണെന്നും പറഞ്ഞിരുന്നു.
തുടർന്ന് ചേർപ്പ് പൊലീസ് അന്വേഷണം നടത്തി. ഇതോടെ ചിത്രത്തിലെ ഒരാൾ കാട്ടൂർ സ്വദേശിയാണെന്ന് വ്യക്തമായി. വിനോദിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്തായാലും തൻറെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിനോദിൻറെ തീരുമാനം.
Content Highlights: man is against the use of his picture on social media to spread that he is a Kuruva gang member