ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിംങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിൻ്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുളികകള്‍ തട്ടികളഞ്ഞിരുന്നതിനാല്‍ കുറച്ച് ഗുളികകള്‍ മാത്രമാണ് അകത്ത് പോയത്.
ക്രിസ്തുമസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം ഉള്ളതിനാല്‍ ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞെന്ന് ഡീന പറയുന്നു. പക്ഷെ ഡീന ലീവിൽ പോയി. ഇതിനോട് അനുബന്ധിച്ച് സൂപ്രണ്ട് ഡീനയ്ക്ക് മെമ്മോ നല്‍കുകയായിരുന്നു.
മെമ്മോയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലായെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിൻ്റെ മുറിയിലേയ്ക്ക് വിളിക്കുകയും അവിടെ വെച്ച് തന്നോട് അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഇതിൽ മനം നൊന്താണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഡീന മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സൂപ്രണ്ട് ഡീനയുടെ ആരോപണം തള്ളി.
ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയ ഡീനയുടെ മൊഴി ഇരിങ്ങാലക്കുട പോലീസെത്തി എടുത്തു. സംഭവത്തിൽ ഡിഎംഒ തല അന്വേഷണം ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content highlights- Deputy Nursing Superintendent attempted die herself at Iringalakuda General Hospital