തൃശ്ശൂര്‍: റോഡരികിലൂടെ നടന്നുപോകവെ എട്ടുവയസുകാരിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ പാര്‍വണ (8) ആണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു അപകടമുണ്ടായത്.
പാവറട്ടി ഭാഗത്ത് നിന്നുവന്ന കാറാണ് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിപോകുകയായിരുന്ന പെൺകുട്ടിയുടെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടങ്ങോട് സ്വദേശി ബോബനെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ബാങ്ക് ജീവനക്കാരനായ ബോബന്‍ വാഹനം ഓടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ച് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്തുകയായിരുന്നു. പിന്നീട് മദ്യപിച്ചിരുന്നതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
കാർ ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ തെറിച്ചുവീണ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: An eight-year-old girl in Thrissur was hit by a car