തൃശൂർ: മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ മുരളിയുടെ ഭാര്യ ലത(56)യുടെ മൃതദേഹമാണ് അയൽവാസിയുടെ പറമ്പിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സത്രം ശിവക്ഷേത്രത്തിന് പിൻവശത്തെ ഇവരുടെ വീടിന്റെ പിന്നിലുള്ള അയൽവാസിയുടെ പറമ്പിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ലതയും മുരളിയും നേരത്തെ ചെന്നൈയിലായിരുന്നു താമസം. ബിസിനസുകാരനായ മുരളിയെ ആറ് മാസം മുൻപ് കാണാതായി. തുടർന്ന് ചെന്നൈ പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട് മകനൊപ്പം മണലൂരിലെ വീട്ടിലായിരുന്നു ലതയുടെ താമസം. ഭർത്താവിനെ കാണാതായതിൽ ലത മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം.
ഇവർ എല്ലാ ദിവസവും പുലർച്ച അഞ്ചോടെ സമീപത്തെ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. ക്ഷേത്രത്തിൽ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മക്കൾ: മിഥുൻ, അമൃത. മരുമക്കൾ: കാർത്തിക്, ക്രിസ്റ്റീന.
Content Highlights: body found at thrissur