ചാലക്കുടി: തട്ടിപ്പ് കേസിൽ അക്കൗണ്ടന്റ് അറസ്റ്റിൽ. മുരിങ്ങൂരിലെ ബാർ ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടിൽ ഫെയ്ത്തി(28)നെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 64,38,500 രൂപയാണ് ഇയാൾ തട്ടിയത്.
ഹോട്ടലിൽ 2023 ഏപ്രിൽ മുതൽ 2024 മെയ് വരെ ജോലി നോക്കുന്നതിനിടെയാണ് വൻ തുകയുടെ വെട്ടിപ്പ് ഫെയ്ത്ത് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഈ കാലയളവിൽ ബാർ, റസ്റ്ററന്റ്, മുറികൾ എന്നിവയിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൊരു ഭാഗമാണ് പ്രതി തട്ടിയെടുത്തത്.
ഹോട്ടലിലെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കേണ്ടതിനുപകരം ഉപഭോക്താക്കളിൽനിന്ന് പ്രതിയുടെ സ്വന്തം മൊബൈൽ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. പണമായി വാങ്ങുന്ന തുക ഹോട്ടൽ അക്കൗണ്ടിൽ വരവുവെയ്ക്കാതെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തുവെന്നതുമാണ് ഫെയ്‍ത്തിനെതിരായ കേസ്.
തട്ടിപ്പ് മനസിലാക്കിയ ഹോട്ടൽ ഉടമ കൊരട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പ്രതി ഒളിവിൽപോയി. ഇയാൾ മണ്ണാർക്കാട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊരട്ടി എസ്എച്ച്ഒ അമൃത് രംഗൻ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ എഎസ്ഐ നാഗേഷ്, സിപിഒമാരായ ഫൈസൽ, ദീപു എന്നിവരും ഉണ്ടായിരുന്നു.
Content Highlights: man arrested for financial fraud