കോഴിക്കോട് : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ചക്കിട്ടപ്പാറ വളയത്ത് ജോസഫ് (77) ആത്മഹത്യ ചെയ്തു. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ചക്കിട്ടപ്പാറ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹം വികലാംഗനാണ്. 47 വയസുള്ള ഇദ്ദേഹത്തിന്റെ മകൾ ജിൻസി കിടപ്പ് രോഗിയുമാണ്. വികലാംഗ പെൻഷൻ കൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന് ഇദ്ദേഹം പഞ്ചായത്തിൽ നൽകിയ പരാതിയിൽ ചേർത്തിരുന്നു. തണ്ട് വടിയുടെ സാഹായത്താലാണ് ജോസഫ് നടക്കുന്നത്. 15 ദിവസത്തിനുള്ളിൽ തന്റെ പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ താൻ പത്രക്കാരെയും ടിവിക്കാരെയും വിളിച്ച് ഈ കാര്യം അറിയിക്കുമെന്നും പരാതിയിൽ ഉണ്ടായിരുന്നു.
അതിദരിദ്ര ലിസ്റ്റിൽപ്പെട്ട ആളാണ് ആത്മഹത്യ ചെയ്ത ജോസഫെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ റിപ്പോർട്ടറിനോട് വ്യക്തമാക്കി. വീട്ടിലേക്കുള്ള റോഡ് പണിയാൻ 4 ലക്ഷം രൂപ പഞ്ചായത്ത് നൽകി. ഭിന്നശേഷിക്കാരിയായ മകളെ പഞ്ചായത്ത് ഇടപ്പെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എല്ലാവർക്കും കിട്ടേണ്ട പെൻഷൻ കുടിശിക മാത്രമാണ് ജോസഫിനും കിട്ടാനുള്ളത്. പെൻഷൻ കിട്ടാനുള്ളത് കൊണ്ടാണ് ആത്മഹത്യ എന്ന് പറയാനാകില്ലെന്നും സുനിൽ ചൂണ്ടിക്കാണിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)