ബത്തേരി: ബത്തേരിയില്‍ തെങ്ങിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ പ്രദേശവാസിയും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. ചീരാലിനടുത്ത് പഴൂര്‍ ആശാരിപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയ ആശാരിപ്പടി കുന്നക്കാട്ടില്‍ ഇബ്രാഹിമാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിനാണ് സംഭവം.
യന്ത്രമുപയോഗിച്ച് കയറിയ ഇബ്രാഹിം മുപ്പതടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ നിന്ന് കൈവിട്ട് വീണ് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. ഒരു കാലില്‍ മാത്രം യന്ത്രം കുടുങ്ങി ബാക്കി ശരീരഭാഗങ്ങള്‍ താഴേക്കായി 40 അടിയോളം ഉയരത്തില്‍ അദ്ദേഹം തൂങ്ങിക്കിടന്നു. പത്ത് മിനുറ്റോളമാണ് ഇബ്രാഹിം ഇത്തരത്തില്‍ തലകീഴായി തൂങ്ങിനിന്നത്. സംഭവം കണ്ടയുടന്‍ പ്രദേശവാസിയായ സുധീഷ് തെങ്ങില്‍ കയറി ഇബ്രാഹിമിനെ തോളിലേറ്റി തെങ്ങിന് മുകളില്‍ നിന്നു. 20 മിനുറ്റുകളോളം സുധീഷ് ഇബ്രാഹിമിനെ തോളിലേറ്റി നിന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഹമീദിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം സംഭവസ്ഥലത്തെത്തി. അഗ്നിരക്ഷാസേനാംഗങ്ങളായ സതീഷും ഗോപിനാഥും ചേര്‍ന്നാണ് ഇരുവരെയും താഴെയിറക്കിയത്. ഇരുവരും ലാഡന്‍ ഉപയോഗിച്ച് തെങ്ങിന് മുകളില്‍ കയറിയാണ് ഇബ്രാഹിമിനെ താഴെയിറക്കിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Content Highlights: Man trapped coconut tree escaped