എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു? അറിയാം കേന്ദ്രബജറ്റിലെ വരവ്- ചെലവ് കണക്കുകള്‍

നാളെ ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

dot image

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ രാജ്യത്തിന്റെ ഒരുവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിലേക്കെത്തുന്ന പണം എവിടെ നിന്നുവരുന്നു, എങ്ങോട്ടു പോകുന്നുവെന്ന് ചിന്തിക്കാറുണ്ടോ? ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര് പ്രതീക്ഷിക്കുന്ന വരവ് ചെലവുകളുടെ കണക്കാണ് കേന്ദ്രബജറ്റിലൂടെ അവതരിപ്പിക്കുന്നത്. റവന്യൂ ബജറ്റ്, മൂലധന ബജറ്റ് (ക്യാപിറ്റല്‍ ബജറ്റ്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടാണ് ബജറ്റിനെ വേര്‍തിരിക്കുന്നത്.

മൂലധന ബജറ്റ്: സര്‍ക്കാരിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് മൂലധന ബജറ്റ്. ദീര്‍ഘകാല നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും മൂലധന ബജറ്റിലൂടെയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നു. ദീര്‍ഘകാല ചെലവ്, വരവ് എന്നിങ്ങനെ മൂലധനബജറ്റിനെ വേര്‍തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ പോലുള്ള ആസ്തികള്‍ വിറ്റ് സമ്പാദിക്കുന്ന പണം, പൊതുജനങ്ങളില്‍ നിന്നും വിദേശ സര്‍ക്കാരുകളില്‍ നിന്നുമുള്ള വായ്പകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്നത് തുടങ്ങിയവയെല്ലാം മൂലധന വരവുകളില്‍ ഉള്‍പ്പെടും.

സമ്പദ് വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്താനും മൂലധന ചെലവുകള്‍ ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട്, കടമെടുത്തതിന്റെ തിരിച്ചടവ് എന്നിവയൊക്കെ മൂലധന ചെലവുകളില്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും സമ്പദ്‍വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് മൂലധന ചെലവുകള്‍.

റവന്യൂ ബജറ്റ്: സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനുള്ളതാണ് റവന്യൂ ബജറ്റ്.റവന്യൂ ബജറ്റില്‍ റവന്യൂ ചെലവും റവന്യൂ വരവും ഉള്‍പ്പെടുന്നു. റവന്യൂ വരവിനെ നികുതി വരുമാനം നികുതിയേതര വരുമാനം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ജിഎസ്ടി, സെസ്, ഇറക്കുമതി-കയറ്റുമതി തീരുവ, എക്‌സൈസ് ഡ്യൂട്ടി, ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെല്ലാം നികുതി വരുമാനത്തില്‍ ഉള്‍പ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, പലിശ രസീതുകള്‍, സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്നുള്ള ലാഭം, പിഴകള്‍ വഴിയുള്ള വരുമാനം, സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍, വായ്പകള്‍, മറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവ നികുതിയേതര വരുമാനത്തില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ക്ഷേമ പദ്ധതികള്‍, അവശ്യവസ്തുക്കളുടെ സബ്സിഡികള്‍, ആരോഗ്യ സംരക്ഷണ ചെലവുകള്‍ തുടങ്ങിയവ റവന്യു ചെലവില്‍ ഉള്‍പ്പെടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us