ബജറ്റ് നാളെ; നികുതിയിൽ എന്തൊക്കെ മാറും, എത്ര രൂപ ശമ്പളത്തില്‍ മിച്ചം പിടിക്കാം? സാധ്യതകളിങ്ങനെ

വ്യക്തിഗത ആദായ നികുതിയില്‍ നല്‍കുന്ന ഏതൊരു ഇളവും നേട്ടം നല്‍കുന്നത് സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ശമ്പള വരുമാനക്കാര്‍ക്കാണ്. അതുകൊണ്ട് തന്നെ ബജറ്റ് വഴി ധനമന്ത്രി എത്ര രൂപ ശമ്പളത്തില്‍ മിച്ചം പിടിക്കാന്‍ തരുമെന്നതാണ് ഇടത്തരക്കാരുടെ നോട്ടം.
ബജറ്റ് നാളെ; നികുതിയിൽ എന്തൊക്കെ മാറും, എത്ര രൂപ ശമ്പളത്തില്‍ മിച്ചം പിടിക്കാം? സാധ്യതകളിങ്ങനെ
Updated on

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തേയും നിർമല സീതാരാമൻ്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. ബജറ്റില്‍ ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകള്‍ ഉണ്ടാകുമെന്നാണ് ഇടത്തരക്കാരും സ്ഥിര വരുമാനക്കാരും നോക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിമിതമായ മാറ്റങ്ങള്‍ കണ്ട ആദായ നികുതി സ്ലാബുകളില്‍ ഇത്തവണ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേഡ് ഡിഡക്ഷനിലെ വര്‍ദ്ധനയും, സെക്ഷന്‍ 80 സി വഴിയുളള ഇളവുകളിലെ വര്‍ദ്ധനയും ഇത്തവണത്തെ പ്രതീക്ഷയാണ്. വ്യക്തിഗത ആദായ നികുതിയില്‍ നല്‍കുന്ന ഏതൊരു ഇളവും നേട്ടം നല്‍കുന്നത് സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ശമ്പള വരുമാനക്കാര്‍ക്കാണ്. അതുകൊണ്ട് തന്നെ ബജറ്റ് വഴി ധനമന്ത്രി എത്ര രൂപ ശമ്പളത്തില്‍ മിച്ചം പിടിക്കാന്‍ തരുമെന്നതാണ് ഇടത്തരക്കാരുടെ നോട്ടം.

ആദായ നികുതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കാം?

സ്റ്റാൻഡേർഡ് ഡിഡക്ഷൻ

വരുമാനം പരിഗണിക്കാതെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നികുതി വിധേയമായ വരുമാനത്തില്‍ നല്‍കുന്ന ഇളവാണ് സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍. ആദായനികുതി നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരം കിഴിവുകൾക്ക് അർഹതയില്ലാത്ത ചെലവുകൾ കവർ ചെയ്യുന്നതിനാണ് ഇത് നൽകിയിരിക്കുന്നത്.

നിലവില്‍ 50000 രൂപയാണ് സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍. ഇത്തവണ ഇത് അറുപതിനായിരമോ എഴുപതിനായിരമോ ആക്കി വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.

80 സി പ്രകാരമുളള ഇളവുകള്‍

2014 മുതല്‍ സെക്ഷന്‍ 80 സി പ്രകാരം ലഭിക്കുന്ന ഇളവുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ശമ്പളക്കാരായ വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനത്തില്‍ 1.5 ലക്ഷം രൂപയുടെ ഇളവാണ് 80 സി വകുപ്പുകള്‍ പ്രകാരം നിലവില്‍ ലഭിക്കുക.

പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് 80 സി സെക്ഷന്‍ പരിഷ്കരിക്കണമെന്നത് വര്‍ഷങ്ങളായുളള ആവശ്യമാണ്. ഇത്തവണത്തെ ബജറ്റില്‍ 80 സി പ്രകാരം ലഭിക്കുന്ന ഇളവുകളില്‍ വര്‍ധന പ്രതീക്ഷിക്കാം.

ആദായ നികുതി സ്ലാബ് ഉയര്‍ത്തിയേക്കും

ആദായ നികുതി ചുമത്താനുളള വരുമാന പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്നാണ് സൂചന.

വരുമാന പരിധി 5 ലക്ഷമാക്കുകയാണെങ്കില്‍ 8.5 ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതി അടക്കേണ്ടി വരില്ല. സ്റ്റാന്‍ഡേഡ് ഡിഡക്ഷനും, സെക്ഷന്‍ 87എ പ്രകാരമുളള റിബേറ്റും പരിഗണിച്ചാണ് ഇത്.

നികുതി നിരക്കിലുളള ഇളവ്

ആദായ നികുതി ദായകരെ പുതിയ ടാക്സ് റെജിമിലേക്ക് ആകര്‍ഷിക്കുന്നതിന് ഉയര്‍ന്ന നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി ചുരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ പഴയ നികുതി വ്യവസ്ഥയില്‍ ഉയര്‍ന്ന പരിധി പത്ത് ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.

വീട്ടുവാടക അലവന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും

വര്‍ധിച്ച ജീവിതചെലവും ഉയരുന്ന പണപ്പെരുപ്പ നിരക്കും കണക്കിലെടുത്ത് വീട്ടുവാടകക്ക് മേലുളള ഇളവുകള്‍ വര്‍ധിപ്പിച്ചേക്കും. അതുപോലെ വര്‍ദ്ധിച്ച് വരുന്ന ആശുപത്രി ചെലവുകള്‍ കണക്കിലെടുത്ത് സെക്ഷന്‍ 80 ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുളള ഇളവിലും വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തികള്‍ക്ക് നിലവില്‍ 25000 രൂപയും മുതിര്‍ന്ന വ്യക്തികള്‍ക്ക് 50000 രൂപയുമാണ് നിലവിലെ പരിധി. ഇത് യഥാക്രമം 50000 ഉം 75000 ആയി ഉയര്‍ത്തിയേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com