പ്ലസ് ടു കഴിഞ്ഞോ? പഠിക്കാം സിനിമ പിടിക്കാൻ

സിനിമ, ടെലിവിഷൻ, മൾട്ടിമീഡിയ മേഖലകൾ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ വിശാല സാധ്യതകളാണ് തുറന്നുകിടക്കുന്നത്.

dot image

പ്ലസ്ടു കഴിഞ്ഞാൽ സിനിമ പഠിക്കാൻ പറ്റുമോ? അഭിനയം ഇഷ്ടമുള്ളവർ ഏതു വിഷയം തെരഞ്ഞെടുക്കണം? കുട്ടികളുടെ മനസിൽ സംശയങ്ങളും ആശങ്കകളും നിരവധിയാണ്. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുന്നതിനു പകരം തന്റെ കഴിവും അഭിരുചിയും മനസിലാക്കിയാകണം ഓരോ കുട്ടിയും  വിഷയം തെരഞ്ഞെടുക്കേണ്ടത്. അതിന് ആ വിദ്യാർത്ഥി സ്വയം മനസിലാക്കുക എന്നതാണ് പ്രധാനം. അഭിരുചിക്കനുസരിച്ച് ഇഷ്ടപ്പെട്ട വിഷയം കണ്ടെത്താൻ അവസരമുണ്ട്,  നിരവധി സാധ്യതകളുമുണ്ട്. അതെങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് പ്രധാനം.  

സിനിമ, ടെലിവിഷൻ, മൾട്ടിമീഡിയ മേഖലകൾ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ വിശാല സാധ്യതകളാണ് തുറന്നുകിടക്കുന്നത്.

സിനിമ ടെലിവിഷൻ കോഴ്സുകൾ

സിനിമ സംവിധാനം, അനിമേഷൻ, അഭിനയം അങ്ങനെ നിരവധി സാധ്യതകൾ തുറന്നിടുകയാണ് സിനിമ ടെലിവിഷൻ കോഴ്സുകൾ.  വിഷയം സംബന്ധിച്ച സ്ഥാപനങ്ങൾ ഏതൊക്കെയെന്നു നോക്കാം.

പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബിജു പട്നായിക് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് എന്നിവിടങ്ങളിൽ വിവിധ കോഴ്സുകളുണ്ട്.

  • പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

    അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട് ഡിസൈനിൽ 3 വർഷത്തെ യുജി സർട്ടിഫിക്കറ്റ് പ്രോഗ്രാം. പ്രവേശനത്തിന് പത്താം ക്ലാസ് ജയിച്ച ശേഷം കുറഞ്ഞത് രണ്ടു വർഷം ദൈർഘ്യമുള്ള ഡിപ്ലോമയോ ഹയർ സെക്കൻഡറിയോ ജയിച്ചിരിക്കണം. യോഗ്യത പ്രോഗ്രാമിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും  ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഓറിയന്റേഷൻ ഇന്റർവ്യൂ എന്നിവ അടങ്ങുന്ന ജോയന്റ് എൻട്രൻസ് ടെസ്റ്റ് (ജെറ്റ്) വഴിയായിരിക്കും പ്രവേശനം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എഴുത്തു പരീക്ഷയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അടുത്ത ഘട്ട ടെസ്റ്റുകൾ, ഓറിയന്റേഷൻ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും.

  • എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ

    സിനിമ മേഖലയിൽ പ്രൊഫഷണൽ ബിരുദം നേടാൻ തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ഈ  ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നു. ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗ്രാമിൽ 6 സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. ഡിജിറ്റൽ ഫിലിം ക്യാമറയുടെ പ്രവർത്തനങ്ങൾ ഛായാഗ്രഹണത്തിന്റെ ക്രിയേറ്റീവ്/ടെക്നിക്കൽ വശങ്ങൾ തുടങ്ങിയവ സിനിമാറ്റോഗ്രഫി പ്രോഗ്രാമിൽ പരിശീലിക്കാം. ഡിജിറ്റൽ ഇന്റർ പ്രോഗ്രാമിൽ ഡിജിറ്റൽ കളർ കറക്ഷൻ, സിനിമയുടെ പൂർത്തീകരണ പ്രക്രിയയായ ഡിജിറ്റൽ ഇന്റർ മീഡിയറ്റ് എന്നിവയിലെ പരിശീലനമാണ്  ഉള്ളത്.

    സിനിമയ്ക്കും ടെലിവിഷനും വേണ്ടിയുള്ള ലൈവ് സ്റ്റുഡിയോ റെക്കോർഡിങ്, ഫിലിം റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ആണ് ഓഡിയോഗ്രഫി പ്രോഗ്രാമിൽ ഉള്ളത്. സംവിധാനം, തിരക്കഥാ രചന എന്നിവ പഠിക്കുന്ന പ്രോഗ്രാമാണ് ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ്.  ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, നോൺ ലീനിയർ എഡിറ്റിംഗ്, എഡിറ്റിംഗ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ, ഉപകരണങ്ങൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്നതാണ് ഫിലിം എഡിറ്റിംഗ് പ്രോഗ്രാം.  

    മോഷൻ പിക്ചർ അനിമേഷൻ വിഷ്വൽസ് തുടങ്ങിയവയെ കുറിച്ചാണ് അനിമേഷൻ വിഷ്വൽ ഇഫക്ട്സ് പ്രോഗ്രാമിൽ പഠിക്കുക. പ്ലസ് ടു/തതുല്യമാണ് പൊതുവേ വേണ്ട വിദ്യാഭ്യാസ യോഗ്യത. സ്പെഷ്യലൈസേഷൻ അനുസരിച്ച് ചില മാറ്റങ്ങളും ഉണ്ടാകാം. സിനിമാറ്റോഗ്രഫി ഡിജിറ്റൽ ഇന്റർമീഡിയറ്റ് എന്നിവയിലെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സും കെമിസ്ട്രിയും പഠിച്ചവർ ഫോട്ടോഗ്രഫി വിഷയമായ വൊക്കേഷണൽ കോഴ്സ് പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. ഓഡിയോഗ്രഫി കോഴ്സ് പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.tn.gov.in/announcements/announce 

    സന്ദർശിക്കാം.

  • ബിജു പട്നായിക് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഭുവനേശ്വർ

    ബിജു പട്നായിക് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാറ്റിക് ആൻഡ് ടെക്നോളജിയിൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാമുണ്ട്. സിനിമാറ്റോഗ്രഫി, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ, ഫിലിം എഡിറ്റിങ് സ്പെഷ്യലൈസേഷനുകളോടെ സിനിമാറ്റിക് ആർട്സ് ആൻഡ് ടെക്നോളജി നാലുവർഷ ബാച്ചിലർ പ്രോഗ്രാം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.bpftio.org/BijuPattanaik/index.html 

    സന്ദർശിക്കാം.

  • ഡോ. ഭുപൻ ഹസാരിക റീജണൽ ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, അസം

    ഡിപ്ലോമ- ഓഡിയോഗ്രഫി ആൻഡ് സൗണ്ട് എൻജിനിയറിങ്, മോക്ഷൻ പിക്ചർ ഫോട്ടോഗ്രഫി, ഫിലിം ആൻഡ് വീഡിയോ എഡിറ്റിങ് കോഴ്സുകൾ. സർട്ടിഫിക്കറ്റ് കോഴ്സ്: അപ്ലൈഡ് ആക്ടിങ് (ഫിലിം ആൻഡ് ടി.വി.)

  • കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്, കോട്ടയം

    പ്ലസ്ടു കഴിഞ്ഞവർക്കായി സിനിമാ മേഖലയിലെ വിവിധ ഡിപ്ലോമ കോഴ്സുകൾ ഇവിടെയുണ്ട്. ആക്ടിംഗ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട് എന്നീ 2 ഡിപ്ലോമ പ്രോഗ്രാമുകൾക്ക് പ്ലസ് ടു/ തതുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷമാണ് എല്ലാ പ്രോഗ്രാമുകളുടെയും ദൈർഘ്യം. ഓരോന്നിനും 10 പേർക്ക് പ്രവേശനം നൽകും. പ്രാഥമിക എൻട്രൻസ് പരീക്ഷ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.krnnivsa.com സന്ദർശിക്കാം.

dot image
To advertise here,contact us
dot image