നാലുവർഷ ബിരുദം; മാറ്റങ്ങൾ എന്തൊക്കെ?

2024-25 അധ്യയന വർഷം എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനം

dot image

ആഗോള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ സർവ്വകലാശാലകളും മാറണമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നാലുവർഷ ബിരുദം ആരംഭിക്കാനിരിക്കുകയാണ്. മൂന്നുവർഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം കൂടിയേ ഉണ്ടാവുകയുള്ളൂ. 2024-25 അധ്യയന വർഷം എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനം. തൊഴിലവസരങ്ങൾ കൂടുമെന്നതാണ് ഈ മാറ്റത്തിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ നേട്ടം.

നാലുവർഷ ബിരുദ കോഴ്സുകൾക്ക് ചേരുന്നവർക്ക് മൂന്നാംവർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. അതായത് മൂന്നാം വർഷം പൂർത്തിയാകുമ്പോൾ കോഴ്സ് മതിയാക്കി ബിരുദം നേടാം.  അല്ലാത്തപക്ഷം ഇവർക്ക് നാലാം വർഷ പഠനത്തിലേക്ക് കടക്കാവുന്നതാണ്. വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്, വൊക്കേഷണൽ ട്രെയിനിങ്, ഗവേഷണം എന്നിവയായിരിക്കും നാലാം വർഷത്തിൽ ഉണ്ടാവുക.

നാലാം വർഷം പൂർത്തിയാകുമ്പോൾ ഇവർക്ക് കിട്ടുക ഓണേഴ്സ് ബിരുദം ആയിരിക്കും. നാലുവർഷ ബിരുദം കഴിഞ്ഞാൽ ഒരു വർഷം കൊണ്ട് പിജി കോഴ്സ് പൂർത്തീകരിനുള്ള ലാറ്ററൽ എൻട്രി സീറ്റുകളുണ്ടാകും. ഉപരിപഠനത്തിനുള്ള സാധ്യത എളുപ്പമാക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

അഭിരുചിക്കനുസരിച്ച് പഠിക്കാം

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. സ്കിൽ ഫൗണ്ടേഷൻ കോഴ്സുകൾ,തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ് എന്നിവ നാലുവർഷ ബിരുദത്തിലുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ  ബിന്ദു വ്യക്തമാക്കിയിരുന്നു. ഓരോ കോഴ്സ് പഠിക്കുന്നവർക്കും  അതിനനുസൃതമായ തൊഴിൽമേഖലയും അതിൽ നേടേണ്ട നൈപുണ്യ പരിശീലനവും സർവ്വകലാശാലകൾ തന്നെ നൽകും.

പുതിയ രീതിയിൽ ഒരുവർഷം കഴിഞ്ഞോ, അതിനു ശേഷമോ പഠനം നിർത്തുന്ന വിദ്യാർത്ഥിക്ക് പിന്നീട് പഠനം തുടരുന്നതിനും അവസരമുണ്ട്. അതാണ് അക്കാദമിക് എൻട്രി അല്ലെങ്കിൽ റീ എൻട്രി.  നാലുവർഷ ബിരുദം പൂർത്തിയാക്കാനുള്ള പരമാവധി കാലാവധി 7 വർഷമാണ്.

പത്ത് വർഷത്തിലേറെയായി ഒരേ വിഷയത്തിൽ  ബിരുദ, ബിരുദാനന്തര കോഴ്സ് നടത്തുന്ന സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് ഓരോ കോഴ്സ് വീതം ഉണ്ടാകും. താല്പര്യമുണ്ടെങ്കിൽ ഈ വർഷം തന്നെ അനുമതി നൽകും.  ഈ വർഷം തന്നെ നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങാനാണ് കേരള സർവകലാശാലയുടെ ആലോചന. ആദ്യഘട്ടത്തിൽ പുതുതലമുറ കോഴ്സുകളാകും അവതരിപ്പിക്കുക.  

വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കാനിരിക്കുമ്പോൾ അതിനെ ഉൾക്കൊള്ളാനുള്ള രീതിയിൽ നമ്മുടെ സർവ്വകലാശാലകളും, കോളേജുകളും സജ്ജമാണോ എന്നതാണ് പ്രധാനം. അധ്യാപകരുടെ ലഭ്യത, ലൈബ്രറി സൗകര്യങ്ങൾ, അന്താരാഷ്ട്ര ജേണലുകളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

നമ്മുടെ പഠനസമ്പ്രദായം ഇത്തരത്തിൽ ബഹുമുഖ രീതിയിലേക്ക് മാറുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ തക്ക രീതിയുള്ള അധ്യാപകർ ഉണ്ടോ എന്നതാണ് പ്രധാനമായും ഉയർന്നുവരുന്ന ചോദ്യം. നല്ല കഴിവുള്ള, അനുഭവസമ്പത്തുള്ള അധ്യാപകർ വിഷയങ്ങൾ കൈകാര്യം ചെയ്താലേ പുതിയ പരിഷ്കാരംകൊണ്ട് വിദ്യാർത്ഥികൾക്കും ഗുണമുണ്ടാവുകയുള്ളൂ. നിശ്ചിത സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് യുജിസിയും നിഷ്കർഷിക്കുന്നുണ്ട്.

ഇത്തരം വിഷയങ്ങൾ സർവ്വകലാശാലകളും, അധ്യാപക-വിദ്യാർത്ഥി സംഘടനകളും ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് നാലുവർഷ ബിരുദ പദ്ധതി അടുത്ത അധ്യയന വർഷത്തിൽ തുടങ്ങാമെന്ന തീരുമാനത്തിൽ സർക്കാരെത്തിയത്. അതിനാൽത്തന്നെ ഇത്തരം ആശങ്കകൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തിയാൽ മാത്രമേ നാലുവർഷ ബിരുദമെന്ന പുത്തൻ വിദ്യാഭ്യാസ സമ്പ്രദായം വിജയത്തിലെത്തുകയുള്ളൂ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us