ഇന്റർവ്യൂവിനെ അഭിമുഖീകരിക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നാണ്. എഴുത്തുപരീക്ഷ എങ്ങനെയും മറികടക്കാം. എന്നാൽ ഇന്റർവ്യൂവിന്റെ കാര്യമെടുത്താൽ അതല്ല സ്ഥിതി. ആത്മവിശ്വാസം നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ഉറപ്പായും ഏതൊരു ഇന്റർവ്യൂവും എളുപ്പത്തിൽ മറികടക്കാം.
പലരും ഇന്റർവ്യൂവിനായി തലേദിവസമാണ് തയ്യാറെടുക്കുക. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ അഭിമുഖപരീക്ഷകൾക്കു പോയാൽ നിങ്ങളുടെ അവസരങ്ങളാണ് നഷ്ടമാകുക എന്നത് ഓർമ വേണം. വിവിധ തരത്തിലുള്ള അഭിമുഖ പരീക്ഷകളുണ്ട്. മുഖാമുഖമുള്ളവയാണ് അതിൽ ഏറ്റവും പ്രധാനം. നിങ്ങൾ പോകുന്ന കമ്പനിയുടെ ഇന്റർവ്യൂ പാറ്റേണിനനുസരിച്ച് പല ഘട്ടങ്ങളിലൂടെ അഭിമുഖത്തെ നേരിടേണ്ടതായി വരും. ചിലപ്പോൾ ചോദ്യങ്ങൾ ചോദിക്കാം, എഴുതാനാവശ്യപ്പെടാം, പ്രസന്റേഷനുകളുണ്ടാകാം. ഇവയെയെല്ലാം ആത്മവിശ്വാസത്തോടെ എങ്ങനെ സമീപിക്കാം?
മുഖ്യം തയ്യാറെടുപ്പ്
ഏറ്റവും പ്രധാനം അഭിമുഖത്തിനുള്ള നിങ്ങളുടെ തയ്യാറെടുപ്പാണ്. അഭിമുഖത്തിന് തലേദിവസമാകരുത് തയ്യാറെടുപ്പുകൾ നടത്തേണ്ടത്. നേരത്തെ തുടങ്ങണം. തലേദിവസം നന്നായി ഉറങ്ങണം. നിങ്ങളുടെ തൊഴിലിന്റെ സ്വഭാവമനുസരിച്ചുള്ള അറിവ് ഉറപ്പായും നിങ്ങൾക്കുണ്ടാകണം. ഇന്റര്വ്യൂവില് പങ്കെടുക്കുന്നതിനുമുമ്പ് ആവശ്യത്തിന് ഗവേഷണം നടത്തേണ്ടതുണ്ട്. ഏത് സ്ഥാപനത്തിലെ ജോലിക്കുവേണ്ടിയാണോ ഇന്റര്വ്യൂ, ആ സ്ഥാപനത്തെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.
അഭിമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കണ്ടെത്തി അതിന്റെ ഉത്തരങ്ങളെപ്പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്തണം. ഇതിനായുള്ള പരിശീലനം ഉറപ്പായും നിങ്ങൾ നേടണം. സ്വയം പരിചയപ്പെടുത്താനാകും ആദ്യം പറയുക എന്ന് കരുതുക. അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് നിരവധിതവണ അത് പരിശീലിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളിൽ ആത്മവിശ്വാസം വർധിക്കും.
എന്തുകൊണ്ടാണ് ഈ തൊഴിൽ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടാകണം. നിങ്ങൾക്ക് ഈ തൊഴിലിനോട് താൽപര്യമുണ്ടെന്ന് അവരെ വ്യക്തമാക്കി കൊടുക്കുക എന്നതാണ് പ്രധാനം. സ്വന്തം കരിയറിനെക്കുറിച്ച് കൃത്യതയോടെ പറഞ്ഞു കൊടുക്കാനും നിങ്ങൾക്കാകണം. മുൻപ് സൂചിപ്പിച്ചപോലെ ഇതെല്ലാം ഒരു കണ്ണാടിയ്ക്ക് മുന്നിൽ നിന്നുകൊണ്ട് പരിശീലിക്കാം. ചോദ്യങ്ങൾക്ക് കൃത്യമായ ചിട്ടയോടെ, അലംഭാവമില്ലാതെ ഉത്തരം നൽകാൻ കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു എന്നർത്ഥം. പഠനം കഴിഞ്ഞോ, ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു കഴിഞ്ഞോ നീണ്ട ഇടവേള എടുക്കേണ്ടി വന്നാൽ അതെന്തുകൊണ്ടാണെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നൽകണം.
ഇതിൽ ഏറ്റവും പ്രധാനം ഭാഷയാണ്. പലർക്കും ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ആത്മവിശ്വാസക്കുറവുണ്ട്. അത് മാറ്റിയെടുക്കാൻ ഇംഗ്ലീഷിൽ സംസാരിച്ചു ശീലിക്കണം.
ഇന്റർവ്യൂ സമയത്തിന് അരമണിക്കൂർ മുമ്പുതന്നെ അവിടെ എത്തുക എന്നതാണ് മറ്റൊരു കാര്യം. ആവശ്യത്തിന് ഭക്ഷണവും വെള്ളവും സ്വീകരിക്കുക എന്നതും പ്രധാനമാണ്. മുഷിഞ്ഞതോ വൃത്തിയില്ലാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്. സന്ദർഭത്തിന് ഉചിതമല്ലാത്ത വസ്ത്രം ധരിക്കരുത്. നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന വസ്ത്രം ധരിക്കുക. സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ, പേന എന്നിവ എടുക്കാൻ മറക്കരുത്. ചോദ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട് ശരിയെന്നുറപ്പുള്ള മറുപടി നൽകുക.അറിയാത്ത ഉത്തരങ്ങൾ പറഞ്ഞ് അബദ്ധത്തിൽ ചാടാതെ, അറിയുന്നതിന് മാത്രം ഉത്തരം നൽകുക. കഴിയും വിധം നല്ല ഉത്തരങ്ങൾ നൽകുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഭിമുഖപരീക്ഷയെ നിങ്ങൾക്ക് പേടികൂടാതെ നേരിടാം.