പഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. റാങ്കിങ് മാത്രം നോക്കി ഒരു യൂണിവേഴ്സിറ്റി പഠനത്തിനായി തെരഞ്ഞെടുക്കുന്നത് ഉചിതമാണോ? വിദേശ പഠനത്തിനായി ഒരു യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
എങ്ങനെയെങ്കിലും വിദേശത്തുപോയി പഠിക്കണമെന്ന ലക്ഷ്യത്തോടെ, ഏതെങ്കിലുമൊരു സർവ്വകലാശാലയിലേക്ക് പോകാമെന്ന ധാരണ ആദ്യം തന്നെ ഒഴിവാക്കാം. നല്ല സർവ്വകലാശാലകൾ നിരവധിയുണ്ട്. പഠന മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളും സർവ്വകലാശാലകളും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മികച്ച സൗകര്യങ്ങൾ, മികച്ച പഠനാന്തരീക്ഷം എന്നിവയെല്ലാമുള്ള യൂണിവേഴ്സിറ്റികൾ ഒരുപാടുണ്ട്.
മാസ്റ്റേഴ്സ് പഠിച്ചൊരു കുട്ടി അവിടെയൊരു പി.എച്ച്.ഡി ആണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ ആ യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ റിസർച്ച് പ്രൊഫൈലുകൾ നോക്കണം. അവിടെ എത്രമാത്രം റിസർച്ച് സെന്ററുകളുണ്ട് എന്നുതുടങ്ങിയ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം.
അതേസമയം, പ്ലസ്ടു കഴിഞ്ഞ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര നിലവാരത്തിൽ മുന്നിലുള്ള സർവ്വകലാശാലകളിലേക്ക് പോയിക്കഴിഞ്ഞാൽ ആ കുട്ടിക്ക് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാകും. പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടി റാങ്കിങ് നോക്കി ടോപ്ബ്രാൻഡ് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുമ്പോൾ ആ യൂണിവേഴ്സിറ്റി വളരെ മികച്ച ഔട്ട്പുട്ട് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കും. സ്വയം പഠനമാണ്(independent learning) അത്തരം യൂണിവേഴ്സിറ്റികൾ മുന്നോട്ട് വയ്ക്കുന്നത്. നിങ്ങൾ സ്വയം പഠനത്തിന് പ്രാപ്തരാണെങ്കിൽ, അതിനോട് തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ടോപ് ബ്രാൻഡ് യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാവൂ.
ഒരു കുട്ടി ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കണം. കുട്ടിക്ക് മാർക്ക് ഉണ്ടാകും. എന്നാൽ ആ കുട്ടിയുടെ ഉള്ളിലൊരു പാഷൻ ഉണ്ടാകണമെന്നില്ല. അവർ പിന്തുണ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു പഠന രീതിയാകും(supportive learning environment ) പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ളവർ ടോപ്ബ്രാൻഡ് യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുത്താൽ അവർ പ്രതിസന്ധിയിലാകും. നാട്ടിലെയും വിദേശത്തേയും വിദ്യാഭ്യാസ സമ്പ്രദായ രീതികൾ തമ്മിൽ വളരെയേറെ വ്യത്യാസമുണ്ട്. ഇവിടെ പരീക്ഷയ്ക്കുവേണ്ടി പഠിച്ചു മാർക്ക് നേടുന്ന രീതിയാണ് കൂടുതൽ വിദ്യാർത്ഥികൾക്കുമുള്ളത്. എന്നാൽ ഇതേ ലാഘവത്തോടെ പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടി പഠിക്കാനായി വിദേശത്തുപോയാൽ അവർ അഭിമുഖീകരിക്കേണ്ടിവരിക വളരെ കഠിനമായ കാര്യങ്ങളാണ്. ഒരുപാട് പ്രോജക്ടുകൾ ചെയ്യണം, നിരവധി അസൈന്മെന്റുകൾ ഉണ്ടാകും. ഇൻറർനെറ്റിൽ നിന്നോ മറ്റേതെങ്കിലും സംവിധാനങ്ങളിലൂടെയോ അതേപടി പകർത്താൻ പാടില്ല.
വളരെ വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കാണ് പോകുന്നതെന്ന ധാരണ വിദ്യാർത്ഥികൾക്കുണ്ടാകണം. അല്ലെങ്കിൽ ആ കുട്ടി വളരെയേറെ ബുദ്ധിമുട്ടേണ്ടി വരും. വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന കുട്ടി ഒരു യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുമ്പോൾ യൂണിവേഴ്സിയുടെ റാങ്കിങ് മാത്രമല്ല, പഠനത്തിന് സഹായിക്കുന്ന തരത്തിലുള്ള അന്തരീക്ഷം എത്രത്തോളം അവിടെ നൽകുന്നുണ്ടെന്നതും വലിയൊരു ഘടകമായി പരിഗണിക്കണം. മിക്ക യൂണിവേഴ്സിറ്റികളും അവരുടെ വെബ്സൈറ്റുകളിൽ ഇതേപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.
മോഡേൺ യൂണിവേഴ്സിറ്റികളിലാണ് സപ്പോർട്ടീവായ പഠനാന്തരീക്ഷം വരുന്നത്. ലോകത്ത് ഉയർന്ന നിലവാരത്തിലുള്ള 100 യൂണിവേഴ്സിറ്റിയിൽ ഒന്നിൽ നിങ്ങളെത്തിയാൽ അവിടെ നിങ്ങളുടെ ക്ലാസിൽ 300-ൽ അധികം കുട്ടികളുണ്ടാകും. മൂന്നുമാസം മുൻപേ അപ്പോയിന്മെന്റ് എടുത്താലേ ചിലപ്പോൾ വ്യക്തിപരമായി പ്രൊഫസറിനെക്കണ്ട് സംസാരിക്കാൻ പോലും കഴിയുകയുള്ളൂ. എന്താണ് സ്റ്റുഡന്റ് ഫാക്കൽറ്റി റേഷ്യോ എന്നത് കൃത്യമായും ഒരു യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുമ്പോൾ നോക്കിയിരിക്കണം.
ആവേശത്തോടെ പഠിക്കാനും കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും ഇത്തരം മാനദണ്ഡങ്ങളെല്ലാം അനിവാര്യമാണ്. അതുകൊണ്ട് യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുമല്ലോ..