തിരുവനന്തപുരം: പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് ചേരുന്ന പട്ടിക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് അടക്കുന്നതിലുളള ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. ഫ്രീഷിപ്പ് കാർഡ് പദ്ധതിയിലൂടെ ഫീസ് സംബന്ധിച്ച ആശങ്ക പരിഹരിക്കാമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് പറയുന്നു. ഇ-ഗ്രാൻറ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ അപ്പോൾ തന്നെ ഫ്രീഷിപ്പ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സ്കോളർഷിപ്പുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന കേന്ദ്ര നിർദേശം ഉയർന്ന കോഴ്സുകൾക്ക് പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നേരിട്ട് ലഭിച്ചിരുന്ന ഫീസ് അക്കൗണ്ടിലേക്ക് മാറ്റിയതോടെ ഫീസ് കിട്ടില്ലെന്ന ആശങ്കയിൽ സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങൾ മുൻകൂർ പണം ആവശ്യപ്പെടുന്നത് കൂടി. ഇത് മുൻകൂർ പണം അടയ്ക്കാനില്ലാത്ത വിദ്യാർത്ഥികളുടെ പ്രവേശനം പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്നാണ് ഫ്രീഷിപ്പ് കാർഡ് പദ്ധതി കൊണ്ടുവന്നത്.
പ്രോമിസറി നോട്ടിൻെറ ഗുണമാണ് ഫ്രീഷിപ്പ് കാർഡ് കൊണ്ട് ഉണ്ടാവുക. ഫീസിൻെറ കാര്യത്തിൽ സർക്കാർ ഗ്യാരണ്ടിയായി കാർഡ് ഉപയോഗിക്കാം. ഫ്രീഷിപ്പ് ഹാജരാക്കി വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. ലളിതമായ നടപടികളിലൂടെ ഫ്രീഷിപ്പ് കാർഡ് ലഭിക്കും. വിദ്യാഭ്യാസ സഹായത്തിനുളള ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഫ്രീഷിപ്പ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.