തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ നൽകിയത് 67,832 വിദ്യാർത്ഥികൾ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുളളത്. 19710 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിലുളളത്. പുതിയ അലോട്ട്മെന്റ് പ്രകാരം പ്രവേശനം നൽകിയാലും മലപ്പുറം ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ലെന്നാണ് കണക്കുകൾ.
സംസ്ഥാനത്തെ 67832 അപേക്ഷകരിൽ 35163 വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയിലെ കണക്ക് പരിശോധിച്ചാൽ 19710 അപേക്ഷകരിൽ പ്രവേശനം ലഭിച്ചത് 6005 വിദ്യാർത്ഥികൾക്ക് മാത്രം. ജില്ലയിൽ ഇനി ബാക്കിയുള്ളത് മെറിറ്റിൽ നാല് സീറ്റും മാനേജ്മെന്റ് ക്വാട്ടയിൽ 3184 സീറ്റുകളുമാണ്. ഈ സീറ്റുകൾ പരിഗണിച്ചാൽ പോലും അപേക്ഷ നൽകിയ 10520 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള അവസരം നഷ്ടമാകും. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകാൻ സാധിക്കാത്ത വിദ്യാർഥികളെ കൂടാതെയാണിത്.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെങ്കിൽ ഓട്ടയടക്കൽ നടപടികൾ മതിയാകില്ല. കാര്യമായ ഇടപെടൽ തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഉയർന്ന മാർക്ക് നേടിയിട്ടും ഇഷ്ട വിഷയം പഠിക്കാൻ അവസരം ലഭിക്കാത്തതും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാവി ലക്ഷ്യം വെച്ചുള്ള പഠനം സാധ്യമാകുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.