കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം 'കടൽ: സാഹിത്യം ചരിത്രം സംസ്കാരം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ സെമിനാറ് ബുധനാഴ്ച ആരംഭിക്കും. ജോഹന്നാസ്ബർഗിലെ സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്ക ഡയറക്ടർ ഡോ.ദിലീപ് എം മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മലയാളവിഭാഗം മേധാവി ഡോ. പ്രിയ എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം വി നാരായണൻ , ഡോ. സജിത കെ ആർ , ഡോ. സുനിൽ പി ഇളയിടം,ഡോ. ബിച്ചു എക്സ് മലയിൽ, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. സംഗീത തിരുവൾ തുടങ്ങിയവർ പങ്കെടുക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ കടൽ തീരത്തിന്റെ വൈവിധ്യമാർന്ന ഭാഷകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വാമൊഴി വഴക്കങ്ങൾ, നാടോടിസാങ്കേതികവിദ്യകൾ, പദകോശങ്ങൾ, പഴഞ്ചൊല്ലുകൾ, ചരിത്രവും കടലും, കടലും സംസ്കാരവും, കടലും പര കീയ പദങ്ങളും, കടൽ വഴി വന്ന സാമ്രാജ്യത്വങ്ങൾ, ആധിപത്യ ഭാഷകൾ എന്നിവ ഉൾപ്പെടുന്ന കടൽസാഹിത്യമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്തർദേശീയ സെമിനാർ ചർച്ച ചെയ്യുന്നത്.
കടലറിവുകളെ വീണ്ടെടുക്കുന്ന വിവിധ സെഷനുകളിൽ ഡോ.മഹമൂദ് കൂരിയ (യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്, സ്കോട്ട്ലന്റ്), ഡോ.എം കെ സജീവൻ (പ്രൊഫസർ, ഡീൻ, ഫാക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിംഗ്, കുഫോസ്), എഴുത്തുകാരായ ഫ്രാൻസിസ് നൊറോണ, സോമൻ കടലൂർ, സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, പ്രൊഫ.കെ കെ ശിവദാസ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
21 പ്രബന്ധാവതരണങ്ങളും നാല് കടലാവിഷ്ക്കാരങ്ങളുമാണ് സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യയിൽ ആദ്യമായി ലൈസൻസ് കിട്ടിയ വനിത രേഖ കാർത്തികേയൻ, പാരമ്പര്യമത്സ്യത്തൊഴിലാളിയും ആത്മകഥാകാരനുമായ യേശുദാസ് തുടങ്ങിയവർ കടലനുഭവങ്ങൾ പങ്കുവെക്കും. ത്രിദിന അന്തർദേശീയ സെമിനാർ വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.