മികച്ച വിദ്യാഭ്യാസം, ജോലി, സ്ഥിര വരുമാനം ഇതെല്ലാം സ്വപ്നം കണ്ട് കടല് കടക്കുകയാണ് ഇന്നത്തെ യൗവ്വനം. പത്താം ക്ലാസും പ്ലസ് ടൂവും കഴിയുമ്പോള് തന്നെ വിദേശരാജ്യങ്ങളിൽ ചേക്കേറുന്ന വിദ്യാര്ത്ഥികളുടെ എണ്ണം ഇന്ന് വര്ധിക്കുകയാണ്. തൊഴില് പുരോഗതിയ്ക്കും അഭിലാഷങ്ങള്ക്കും അനുസൃതമായ തൊഴിലവസരങ്ങള് കേരളത്തില് ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ പിന്നാമ്പുറം. മെച്ചപ്പെട്ട വരുമാനവും ജീവിതസാഹചര്യങ്ങളും സ്വപ്നം കണ്ടാണ് നമ്മുടെ തലമുറ വിദേശ നാടുകളിലേയ്ക്ക് ചേക്കേറുന്നത്. കേരളത്തില് നിന്ന് വിദേശത്തേയ്ക്ക് എത്തുന്ന വിദ്യാര്ത്ഥികളുടെ എണ്ണത്തില് വര്ദ്ധനയുണ്ടായതായി ഇതിനകം പുറത്തുവന്ന പല സര്വ്വേ റിപ്പോര്ട്ടുകളും വ്യക്തമാക്കുന്നു.
2018 ല് 21 ലക്ഷം വിദ്യാർത്ഥികളാണ് കേരളത്തില് നിന്ന് വിദേശത്തേയ്ക്ക് കുടിയേറിയതെങ്കില് 2023ല് ഇത് ഏകദേശം 22 ലക്ഷമായി. ലോക കേരളസഭയില് അവതരിപ്പിച്ച ഈ റിപ്പോര്ട്ട് തയ്യാറാക്കിയത് ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന് ആന്ഡ് ഡെവലപ്മെന്റും (ഐ.ഐ.എം.ഡി) ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്സ് ആന്ഡ് ടാക്സേഷനും ചേര്ന്നാണ്. സര്വേ പ്രകാരം കേരളത്തില് നിന്നുള്ള മൊത്തം കുടിയേറ്റക്കാരില് 11.3 ശതമാനം പേരും വിദ്യാര്ഥികളാണ്. എറണാകുളത്തു നിന്നാണ് ഏറ്റവുമധികം വിദ്യാര്ഥികള് വിദേശ പഠനത്തിനു പോയത്, 43,990 പേര്. തൊട്ടു പിന്നിൽ തൃശൂരും കോട്ടയവുമാണ് ഉള്ളത്. 35,783 പേര് തൃശ്ശൂരില് നിന്നും 35,382 പേര് കോട്ടയത്തു നിന്നും വിദേശത്തേക്ക് പോയിട്ടുണ്ട്. ഏറ്റവും കുറച്ചു വിദ്യാര്ഥികള് വിദേശത്തു പോയത് വയനാട്ടില് നിന്നാണ്. 3750 പേര് മാത്രമാണ് വയനാട്ടിൽ നിന്ന് അതിർത്തി കടന്നത്. വിദേശപഠനം തിരഞ്ഞെടുക്കുന്നവരില് 54.4 ശതമാനവും ആണ്കുട്ടികളാണ്.
വിദേശപഠനത്തിനു പോവുന്ന കുട്ടികളില് 80 ശതമാനത്തിലധികവും കേരളത്തില് ബിരുദം പൂര്ത്തിയാക്കിയവരാണ്. ഏറ്റവും കൂടുതല് പേര് പോകുന്നത് യുകെയിലേക്കാണ്. തൊട്ടു പിന്നില് കാനഡയും മറ്റ് യൂറോപ്യന് രാജ്യങ്ങളുമുണ്ട്. നാലിലൊന്ന് പേര് ഇംഗ്ലണ്ടിലേക്കും അഞ്ചിലൊന്നു പേര് കാനഡയിലേക്കും പോകുന്നു എന്നാണ് കണക്ക്. ഇതില് വലിയൊരു വിഭാഗം ആളുകളും പഠനശേഷം അവിടെ ജോലിയില് തുടരുകയാണ് പതിവ്. പഠന ശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി താമസിക്കാന് അഗ്രഹിക്കുന്നവരാണ് കുടിയേറുന്നവരില് പലരും. ട്രെന്ഡിനൊപ്പം എല്ലാവരും യുകെയിലേക്കും ജര്മ്മനിയിലേക്കും പോകുമ്പോള് 'ഞാന് എന്തിനാ ഇവിടെ നിൽക്കുന്നത്' എന്ന ചിന്ത കുട്ടികളില് പ്രകടമാകുന്നതും വിദേശത്തേക്കുള്ള വിദ്യാര്ത്ഥികളുടെ ഒഴുക്കിനെ കൂട്ടുന്ന മറ്റൊരു വസ്തുതയാണ്.
കുട്ടികളില് മാത്രമല്ല മാതാപിതാക്കളും ഇത്തരം ചിന്താഗതികള് ഉടലെടുക്കുന്നുണ്ട്. 'നീ എന്താ പുറത്ത് പോവാത്തത്, നിന്റെ കൂടെ പഠിച്ച എല്ലാവരും പോയല്ലോ' എന്ന തരത്തിലുള്ള ചോദ്യങ്ങള് എല്ലാവരുടെയും ഇടയില് സാധാരണമായിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും തൊഴിലവസരങ്ങളും വേണ്ടന്ന് വെച്ച് കുട്ടികള് വിദേശത്തേക്ക് പോകുന്നതിന്റെ പ്രധാന കാരണം അവിടെ ചെന്നാല് പഠനത്തോടൊപ്പം തൊഴില് ചെയ്യാം, പണം സമ്പാദിക്കാം എന്നതാണ്. ഹോട്ടലുകളില് പ്രവര്ത്തിച്ചോ ഏതെങ്കിലും സ്ഥാപനങ്ങളില് ജോലി ചെയ്തോ പഠനത്തിനുള്ള പണം സമ്പാദിക്കാന് കുട്ടികള്ക്ക് കഴിയുന്നു എന്നതും പുതിയൊരു സാധ്യതയാണ്. ഇത് തന്നെയാണ് കുട്ടികളെ കൂടുതലായും അങ്ങോട്ട് ആകര്ഷിക്കുന്നത്. യുകെ, ജര്മ്മനി, യുഎസ്, ഓസ്ട്രേലിയ, അയര്ലന്ഡ്, റഷ്യ, പോളണ്ട് എന്നിവ കുട്ടികളെ ആകര്ഷിക്കുന്ന രാജ്യങ്ങളാണ്. ബാങ്കുകളില് നിന്ന് ലക്ഷങ്ങള് ലോണെടുത്ത് ഇവിടെയെത്തുക എന്നത് തന്നെയാണ് ഇന്ന് വിദ്യാര്ഥികളുടെ ഉന്നതവിദ്യാഭ്യാസ ആലോചനകളിലെ പ്രധാന ലക്ഷ്യം.
മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിൽ ലഭ്യതയുമാണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികളെ വിദേശത്തേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം. കേരളത്തിലെ തൊഴിലില്ലായ്മയും ഒരു ഘടകമാണ്. തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയത്തിന്റെ റിപ്പോര്ട്ടില് വ്യക്തമായിരുന്നു. 2024 ജനുവരി മുതല് മാര്ച്ച് വരെയുള്ള കാലയളവില് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം ആണെന്നാണ് മന്ത്രാലയം പുറത്ത് വിട്ട പീരിയോഡിക് ലേബര് ഫോഴ്സ് സര്വേ റിപ്പോര്ട്ടില് വ്യക്തമാക്കുന്നത്. 15നും 29നുമിടയില് പ്രയാമുള്ളവരെ സംബന്ധിച്ച കണക്കാണിത്. ഈ അവസ്ഥയും ഒരു പരിധി വരെ യുവതലമുറയെ കേരളം വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതാണ്.