ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും (UQ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും (ഐഐടി ഡൽഹി) സംയുക്തമായി നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് 2024 ഒക്ടോബർ 3 വരെ ഔദ്യോഗിക വെബ്‌സൈറ്റായ uqiitd.org സന്ദർശിച്ച് അവരുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
യുക്യു-ഐഐ ഡൽഹി റിസർച്ച് അക്കാദമിയുടെ സംയുക്ത പിഎച്ച്ഡി പ്രോഗ്രാം, വിജയകരമായി പൂർത്തിയാക്കിയാൽ വിദ്യാർത്ഥികൾക്ക് യുക്യുവും ഐഐടി ഡൽഹിയും സംയുക്തമായി നൽകുന്ന ഡോക്ടർ ഓഫ് ഫിലോസഫി ബിരുദമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. ബിരുദത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിലും ഇന്ത്യയിലും പഠിക്കാൻ അവസരം ലഭിക്കും. ഇന്ത്യൻ, രാജ്യാന്തര വിദ്യാർത്ഥികൾ മൂന്ന് വർഷം ഇന്ത്യയിലും ഒരു വർഷം ഓസ്‌ട്രേലിയയിലും ഓസ്‌ട്രേലിയൻ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം ഓസ്‌ട്രേലിയയിലും ഒരു വർഷം ഇന്ത്യയിലും പഠിക്കാൻ അവസരമുണ്ട്.
പരമാവധി 4 വർഷം (മുഴുവൻ സമയം)
വിദ്യാർത്ഥികൾ 80,000 വാക്കുകളിൽ കൂടാത്ത തീസിസ് സമർപ്പിക്കണം. ഗവേഷണം ബന്ധപ്പെട്ട വിജ്ഞാനശാഖയെ സംബന്ധിച്ച് സാരവത്തും മൗലികവുമായിരിക്കണം.
എല്ലാ ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഗേറ്റ്, ജിആർഇ, നെറ്റ് അല്ലെങ്കിൽ സിഎസ്ഐആർ സ്കോർ (അല്ലെങ്കിൽ ഏതെങ്കിലും മത്സര പ്രവേശന പരീക്ഷയിൽ നിന്നുള്ള സ്കോറുകൾ) വേണമെന്ന് നിർബന്ധമല്ലെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഈ മത്സരപരീക്ഷകളിൽ ഏതെങ്കിലുമൊന്നിൽ മികച്ച സ്കോർ ഉണ്ടായിരിക്കണമെന്നത് അഭിലഷണീയമാണെന്നും പ്രോഗ്രാമിൻ്റെ ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിൻ്റെ ഓൺലൈൻ ആപ്ലിക്കേഷൻ (OLA) പോർട്ടൽ വഴി ഒരു മുഴുവൻ അപേക്ഷ സമർപ്പിക്കാൻ ക്ഷണിക്കും.