കാനറ ബാങ്കിൽ 3,000 അപ്രൻ്റിസ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം. തസ്തികകളിലേയ്ക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 21 ന് ആരംഭിച്ച് ഒക്ടോബർ 4 ന് അവസാനിക്കും. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കാനറ ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ canarabank.com വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ www.nats.education.gov.in എന്ന അപ്രൻ്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അപ്രൻ്റീസ്ഷിപ്പ് പോർട്ടലിലെ പ്രൊഫൈൽ 100% പൂർത്തിയായാൽ മാത്രമേ അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളു.
അപേക്ഷകർ സർക്കാർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത നേടിയിരിക്കണം. യോഗ്യതാ പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിലാണ്. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 1, 1996 നും സെപ്റ്റംബർ 1, 2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
12-ാം സ്റ്റാൻഡേർഡ് (HSC/10+2) അല്ലെങ്കിൽ ഡിപ്ലോമ പരീക്ഷയിൽ നേടിയ മാർക്ക് അനുസരിച്ച്, അവരോഹണ ക്രമത്തിൽ സംസ്ഥാനം തിരിച്ചുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കി ഒരു മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓൺലൈൻ അപേക്ഷയുടെ സമയത്ത് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാവും ഈ ലിസ്റ്റ് തയ്യാറാക്കുക. ഡോക്യുമെൻ്റ് വെരിഫിക്കേഷൻ ഘട്ടത്തിൽ ഡോക്യുമെൻ്റ് വെരിഫിക്കേഷനും പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷയും നടത്തും.
എല്ലാ ഉദ്യോഗാർത്ഥികൾക്കും 500 രൂപയാണ് ഫീസ്. അതേസമയം SC/ST/PwBD ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡുകൾ (റുപേ/വിസ/മാസ്റ്റർകാർഡ്/മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇൻ്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. കൂടുതൽ വിവരങ്ങൾ കാനറ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട അപ്രൻ്റീസുകൾക്ക് 15,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ നൽകുന്ന സബ്സിഡി ഉൾപ്പെടെയാണിത്. കാനറ ബാങ്ക് 10,500 രൂപയാണ് അപ്രൻ്റീസിൻ്റെ അക്കൗണ്ടിലേക്ക് നൽകുക. അതേസമയം സർക്കാർ നേരിട്ട് 4,500 രൂപ അപ്രൻ്റീസിൻ്റെ അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ക്രെഡിറ്റ് ചെയ്യും. അപ്രൻ്റീസുകൾക്ക് അധിക അലവൻസുകൾക്കോ ആനുകൂല്യങ്ങൾക്കോ അർഹതയില്ല.
അപ്രൻ്റീസുകൾക്ക് പ്രതിമാസം ഒരു കാഷ്വൽ ലീവ് (CL) അനുവദനീയമാണ്. ഇങ്ങനെ പ്രതിവർഷം ആകെ 12 കാഷ്വൽ ലീവുകൾ എടുക്കാം. മറ്റ് തരത്തിലുള്ള അവധികൾ ബാധകമല്ല. അപ്രൻ്റീസുകൾക്ക് ഒരേസമയം നാല് കാഷ്വൽ ലീവുകൾ വരെ എടുക്കാം.